അരുവിക്കര മുന്നണി മാറ്റങ്ങളുടെ പാലമാകും; പിണറായിക്കും ഉമ്മന്‍ചാണ്ടിക്കും വെല്ലുവിളി

തിരുവനന്തപുരം: പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് വിജയക്കൊടി നാട്ടിയാല്‍ അത് കേരള രാഷ്ട്രീയത്തില്‍ മുന്നണി സമവാക്യങ്ങളെ മാറ്റിമറിക്കും.

സോളാര്‍ വിവാദം, ബാര്‍ കോഴ, മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍, നേതൃമാറ്റത്തിനായുള്ള ചരടുവലി തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ വഴിതിരിവിന് തുടക്കമാകും.

അഴിമതി ആരോപണങ്ങള്‍ മാത്രമല്ല, ഗവ. ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി)യും മുന്നണി വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി രംഗത്ത് വന്ന സാഹചര്യത്തില്‍ യുഡിഎഫ് അനുകൂല രാഷ്ട്രീയ നിരീക്ഷകര്‍ പോലും ആശയക്കുഴപ്പത്തിലാണ്.

25 വര്‍ഷത്തോളം കാര്‍ത്തികേയന്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് മണ്ഡലം മകനിലൂടെ നിലനിര്‍ത്താന്‍ ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്ത് യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് സര്‍ക്കാരിന്റെ നിലനില്‍പ്പ് മാത്രമല്ല മുന്നണിയുടെ നിലനില്‍പ്പ് കൂടി മുന്‍നിര്‍ത്തിയാണ്.

മുങ്ങുന്ന കപ്പലില്‍ നിന്ന് തടിയൂരാന്‍ ആരായാലും ശ്രമിക്കുമല്ലോ എന്ന മുസ്ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പിനെ നിര്‍ണായക രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

യുഡിഎഫിന് അരുവിക്കരയില്‍ അടിതെറ്റിയാല്‍ മുന്നണിയോട് ഗുഡ്‌ബൈ പറയാന്‍ ലീഗ് തയ്യാറാകുമെന്ന പ്രചാരണവും ഇപ്പോള്‍ ശക്തമാണ്.

പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും വ്യക്തിപരമായി വളരെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് കുഞ്ഞാലിക്കുട്ടിയെന്നത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലീഗിനെ പെട്ടെന്ന് സ്വീകരിക്കാന്‍ സിപിഎം അണികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം മുന്നണി മാറ്റത്തിന് സിപിഎം പ്രേരിപ്പിച്ചേക്കും.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിമുറുക്കുന്നതും സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നതും വ്യവസായ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് അണിയറ സംസാരം.

മാണിയെ കോഴ കേസില്‍ കുരുക്കി പ്രതിരോധത്തിലാക്കിയതിന് സമാനമായി കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ് നല്‍കിയ മുന്നറിയിപ്പാണ് മലബാര്‍ സിമന്റ്‌സ് വിവാദത്തിന് പിന്നിലെന്നാണ് ലീഗ് നേതൃത്വം സംശയിക്കുന്നത്.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് അഴിമതി നടന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു വ്യവസായ മന്ത്രി. ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വി.എം രാധാകൃഷ്ണനുമായി കുഞ്ഞാലിക്കുട്ടിക്കുണ്ടായ അടുപ്പമാണ് അഴിമതിക്ക് കാരണമായതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ കഴിഞ്ഞ കാലങ്ങളിലെ ക്രമക്കേടും പരിശോധിക്കുമെന്നതും ഉറപ്പാണ്. ഇതാണ് ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

ഇനി സിബിഐ അല്ല സംസ്ഥാനത്തെ വിജിലന്‍സിന്റെ നിലവിലെ അന്വേഷണം ശക്തമാക്കിയാല്‍ പോലും അത് കുഞ്ഞാലിക്കുട്ടിക്ക് കുരുക്കാകുമെന്ന ആശങ്കയും നിലവിലുണ്ട്.

വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി കൊടുത്താല്‍ മന്ത്രിസ്ഥാനം പോലും അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വരും. ഈ ഒരു സാഹചര്യം മുന്‍കൂട്ടി കണ്ട് കരുതലോടെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ലീഗിന്റെയും നീക്കം.

അരുവിക്കരയില്‍ യുഡിഎഫ് വിജയം ആവര്‍ത്തിച്ചാല്‍ വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ‘എ’ ഗ്രൂപ്പ് മന്ത്രിമാര്‍ക്ക് നല്‍കുകയോ വേണമെന്ന നിലപാട് ഉയര്‍ത്താനാണ് മുസ്ലീം ലീഗിന്റെ നീക്കം. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസും ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്.

രാഷ്ട്രീയ പ്രതിസന്ധിയിലും അരുവിക്കര നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ‘ഐ’ ഗ്രൂപ്പിന്റെ വില പേശലുകള്‍ക്ക് മുഖ്യമന്ത്രി ചെവികൊടുക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ രാഷ്ട്രീയമായ ഈ വലിയ വെല്ലുവിളി ഇടതുപക്ഷത്തിന് മാത്രമല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ‘ഐ’ ഗ്രൂപ്പിനും നിര്‍ണായകമായതിനാല്‍ വലിയ തോതിലുള്ള അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് നേതാക്കളോട് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കേരളാ കോണ്‍ഗ്രസും ലീഗും തയ്യാറാവാന്‍ സാധ്യത ഇല്ലാത്തതിനാല്‍ എ.കെ ആന്റണിക്കോ സുധീരനോ ഒടുവില്‍ നറുക്ക് വീഴാനാണ് സാധ്യത.

അരുവിക്കരയില്‍ യുഡിഎഫിന് അടിതെറ്റിയാല്‍ ജനതാദളും ആര്‍എസ്പിയിലെ പ്രബല വിഭാഗവും ഇടത്പക്ഷത്തേക്ക് ചേക്കേറുമെന്നതിനാല്‍ സര്‍ക്കാര്‍ തന്നെ നിലംപൊത്താനുള്ള സാധ്യത കൂടുതലാണ്.

അതേസമയം അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അപ്രതീക്ഷിതമായി ഒ. രാജഗോപാല്‍ രംഗത്ത് വന്നത് ഇടത്പക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വലിയ തോതില്‍ ഭിന്നിക്കാന്‍ രാജഗോപാലിന്റെ സാന്നിധ്യം കാരണമാവുമെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.

മാത്രമല്ല പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയും ആം ആദ്മി പാര്‍ട്ടിയുമെല്ലാം വരുന്നതോടെ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക.

ഇടത് ബര്‍ത്ത് ഉറപ്പ് നല്‍കി പി.സി ജോര്‍ജ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ച് അവസാന നിമിഷം ഇടത്പക്ഷത്തിന് അനുകൂലമാക്കാനുള്ള ശ്രമം നടത്താനും ഇടത് നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്. ഇക്കര്യത്തില്‍ പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും. ജോര്‍ജിനൊപ്പമുള്ള വിഎസ്ഡിപിക്ക് അരുവിക്കരയില്‍ കാര്യമായ സ്വാധീനമുള്ളതാണ് ഈ നീക്കത്തിന് കാരണം.

പിണറായി നേരിട്ട് നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വി.എസ് അച്യുതാനന്ദന്റെ ‘പങ്ക് ‘ എന്ത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും വിജയകുമാറുമായി വളരെ അടുത്ത ബന്ധമുള്ള വി.എസിനെ പരമാവധി പ്രചാരണ യോഗങ്ങളില്‍ പങ്കെടുപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനം.

ജൂണ്‍ ആദ്യവാരം ചേരുന്ന കേന്ദ്ര കമ്മറ്റിയില്‍ വി.എസിനെ പ്രകോപിപ്പിക്കുന്ന നടപടി ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി നേടിയതിനാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് പിണറായി വിജയന് വ്യക്തിപരമായും വന്‍ തിരിച്ചടിയാകും.

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പുനര്‍വിചിന്തനത്തിന് സിപിഎമ്മിനെ നിര്‍ബന്ധിതമാക്കാനും ഇത് കാരണമാകും. ഇക്കര്യം മുന്നില്‍ കണ്ട് സര്‍വസന്നാഹങ്ങള്‍ ഒരുക്കിയാണ് സിപിഎം മണ്ഡലം പിടിച്ചെടുക്കാന്‍ ഇറങ്ങിയിട്ടുള്ളത്.

യുഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാവാന്‍ ഒരു കാരണവശാലും അരുവിക്കര കാരണമാവരുതെന്ന് പാര്‍ട്ടി യോഗങ്ങളില്‍ പിണറായി തന്നെ പ്രവര്‍ത്തകരോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അരുവിക്കരയില്‍ പരാജയപ്പെട്ടാല്‍ യുഡിഎഫ് ഘടക കക്ഷികള്‍ ഇടത്പക്ഷത്തേക്കല്ല ഇടത് ഘടകകക്ഷികള്‍ യുഡിഎഫിലേക്കാണ് പോവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മുന്നണി- ഭരണ സംവിധാനങ്ങളെ ആകെ മാറ്റി മറിക്കുന്ന വിധിയെഴുത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

Top