അരുവിക്കര പിടിച്ചെടുക്കാന്‍ ഒളിക്യാമറയും; വിവാദങ്ങള്‍ക്ക് പിന്നില്‍ ‘ഹിഡന്‍ അജണ്ട’

തിരുവനന്തപുരം: പ്രമുഖ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെയും മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായരുടെയും വെളിപ്പെടുത്തല്‍ ആസൂത്രിതമെന്ന് സൂചന.

അരുവിക്കര തെരഞ്ഞെടുപ്പില്‍ പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പിന്നെ സോളാര്‍ ചൂടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ‘പൊള്ളിക്കാന്‍’ കഴിയില്ലെന്ന തിരിച്ചറിവോടെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആരോപണമെന്നാണ് ലഭിക്കുന്ന വിവരം.

അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് വിജയിച്ചാല്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും നിയമസഭാ പൊതു തെരഞ്ഞെടുപ്പിലും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്ന് കണ്ടാണത്രെ ഈ നീക്കം.

രാഷ്ട്രീയപരമായി മാത്രമാല്ല വ്യക്തിപരമായും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് എന്നിവരുടെ നിലനില്‍പ്പ് തന്നെ അരുവിക്കരയിലെ വിധിയെ ആശ്രയിച്ചാണ്.

ഇടത് പക്ഷത്തിന് മാത്രമല്ല ബിജെപിക്കും അഴിമതി വിരുദ്ധ സമിതിക്കും അരുവിക്കര അഭിമാന പോരാട്ടമായതിനാല്‍ ആവനാഴിയിലെ സര്‍വ്വശക്തിയുമെടുത്താണ് അവര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിലാണ് യുഡിഎഫിന്റെ വിജയ പ്രതീക്ഷ.

ഭരണ വിരുദ്ധ വികാരം ചിതറിപ്പോവുകയും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിയുകയും ചെയ്താല്‍ വിജയിച്ച് കേറാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. എന്നാല്‍ അപ്രതീക്ഷിതമായി സരിതയുടെ അഭിഭാഷകന്റെയും മാനേജരുടെയും വെളിപ്പെടുത്തലുകള്‍ പുറത്തായത് വോട്ടര്‍മാരെ സ്വാധീനിക്കുമോയെന്ന ആശങ്കയും നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് പ്രതിപക്ഷ വോട്ടുകളിലെ ഭിന്നിപ്പില്‍ വിജയം വരിക്കുമെന്ന വിലയിരുത്തല്‍ ശക്തമായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലും കൈരളി ടി.വിയും സോളാര്‍ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒളിക്യാമറയില്‍ ‘മന:പൂര്‍വ്വം കുടുങ്ങിയ’ തരത്തിലാണ് ഫെനി ബാലകൃഷ്ണന്റെയും രാജശേഖരന്റെയും പെരുമാറ്റമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സരിതക്ക് പണം നല്‍കിയതായുള്ള വെളിപ്പെടുത്തലും, പൊലീസ് സംരക്ഷണം ഉറപ്പ് വരുത്താന്‍ സഞ്ചരിച്ച വാഹനം ഗുണ്ടയെക്കൊണ്ട് സരിത സ്വയം തകര്‍ത്തതാണെന്ന ഫെനിയുടെ വെളിപ്പെടുത്തലിനോട് സരിത പ്രതികരിച്ച രീതിയും തികച്ചും നാടകീയമായിരുന്നു.

അരുവിക്കരയില്‍ പ്രതിപക്ഷം പയറ്റുന്ന അവസാനത്തെ ‘ബ്രഹ്മാസ്ത്രമാണ്’ ഇപ്പോള്‍ പുറത്തുവിട്ട ഒളിക്യാമറയെന്നാണ് വിവാദങ്ങളോടുള്ള യുഡിഎഫിന്റെ പ്രതികരണം.

ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ ശബരീനാഥിനെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ഒളിക്യാമറ ഓപ്പറേഷനുമായി ചില ചാനലുകളെ കൂട്ട് പിടിച്ച് പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.

അതേസമയം വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും ആരോപണ വിധേയരായ മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.

മന്ത്രി അടൂര്‍ പ്രകാശിനെതിരെ കരിങ്കൊടി കാണിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് സമാനമായി വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി സോളാര്‍ ‘ ചൂട്’ നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് കരിങ്കൊടി സമരവുമായി രംഗത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ കീഴ്ഘടകങ്ങള്‍ക്ക് ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top