അരുവിക്കര:പി.ബി വിമര്‍ശനം പിണറായിക്ക് തിരിച്ചടിയായി; വി.എസിന് ആശ്വാസവും

ന്യൂഡല്‍ഹി: അരുവിക്കര പരാജയത്തെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ തള്ളിയ പോളിറ്റ്ബ്യൂറോ നടപടി പിണറായി വിജയനു തിരിച്ചടിയായപ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അത് ആശ്വാസമായി.

വര്‍ഗീയ ധ്രുവീകരണം, ഭരണദുരുപയോഗം എന്നിവയാണ് തോല്‍വിയുടെ കാരണങ്ങളായി സംസ്ഥാന നേതൃത്വം വിശദീകരിച്ചത്. എന്നാല്‍ അത് പി.ബി തള്ളുകയായിരുന്നു.

സി.പി.എം സംസ്ഥാന നേതൃത്വത്തിലെ അനൈക്യവും സംഘാടകപിഴവുമാണ് തോല്‍വിയുടെ കാരണമായി പി.ബി വിലയിരുത്തിയത്. അരുവിക്കരയില്‍ ക്യാമ്പ് ചെയ്ത് സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പിണറായിക്കുള്ള തിരിച്ചടിയാണ് ഈ വിലയിരുത്തല്‍.

പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും സജീവമായി കളത്തിലിറങ്ങിയെങ്കിലും അവര്‍ ഒരേ വേദിയില്‍ വന്നില്ല. എം. വിജയകുമാര്‍ നല്ല സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍, സര്‍ക്കാറിനെതിരായ ജനരോഷം മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പോളിറ്റ്ബ്യൂറോ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

തോല്‍വിയില്‍ അസാധാരണത്വമുണ്ട്. ഭരണവിരുദ്ധവികാരം നിറഞ്ഞു നിന്നിട്ടും യു.ഡി.എഫിനെ തളക്കാനോ ബി.ജെ.പി മുന്നേറ്റം തടയാനോ കഴിഞ്ഞില്ല. പതിവില്‍ നിന്ന് ഭിന്നമായി സി.പി.എമ്മിന്റെ പരമ്പരാഗത വോട്ട് ചോര്‍ന്നതിന്റെ കാരണം പരിശോധിക്കുകയും നിരാശരായ അണികളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകയും വേണമെന്ന നിര്‍ദ്ദേശമാണ് പി.ബി സംസ്ഥാന നേതൃത്വത്തിനു നല്‍കിയത്.

വി.എസ് പാര്‍ട്ടിവിരുദ്ധനെന്നു പ്രമേയം പാസാക്കിയ സംസ്ഥാന നേതൃത്വം അരുവിക്കരയില്‍ വിജയിച്ചാല്‍ നടപടിയെടുത്ത് വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാനാണ് കരുനീക്കിയത്.

അരുവിക്കരയില്‍ പരാജയപ്പെട്ടതോടെ ഈ നീക്കം പൊളിഞ്ഞു. പര്‍ട്ടിയെ പൂര്‍ണ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് വി.എസിന്റെ പ്രചരണമാണെന്ന വിലയിരുത്തലും അണികള്‍ക്കുണ്ട്.

ഇതും സംസ്ഥാന നേതൃത്വത്തിനു വെല്ലുവിളിയാണ്. വി.എസിനെതിരെ പെട്ടെന്നു നടപടി എടുക്കില്ലെന്ന സൂചനയാണ് തോല്‍വിയെക്കുറിച്ചുള്ള പി.ബി വിലയിരുത്തല്‍ നല്‍കുന്നത്.

Top