ഉമ്മന്‍ചാണ്ടിയുടെ ഭാവി അരുവിക്കരയില്‍; ഹൈക്കമാന്‍ഡ് പരിഗണനയില്‍ സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ ഗൗരവത്തോടെ കാണുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടനെ ‘ഒറ്റമൂലി’ നിര്‍ദേശിക്കില്ല.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിധിയയായിരിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ നിര്‍ണായകമാവുക എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അരുവിക്കരയിലെ സിറ്റിംഗ് സീറ്റ് നഷ്ടമായാല്‍ പിന്നെ ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല.

അത്തരമൊരു സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പ്രഥമ പരിഗണന കെപിസിസി പ്രസിഡന്റ് സുധീരനായിരിക്കുമെന്നാണ് നേതൃത്വം നല്‍കുന്ന വിവരം.

സംസ്ഥാനത്ത് അഴിമതി പടരുന്നതിനെക്കുറിച്ചും 30 ശതമാനം വീടുകള്‍ മദ്യ കേന്ദ്രങ്ങളായി മാറുന്നതിനെക്കുറിച്ചും പരസ്യമായി പ്രതികരിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ പ്രതികരണം സുധീരന് അനുകൂലമായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ഭരണ സംവിധാനത്തിനാണ് ആന്റണിയുടെ പ്രതികരണം വഴി മുഖത്തടിയേറ്റത് എന്നതിനാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായ ഏതെങ്കിലും നേതാവിനെ മുന്‍നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവില്ലെന്നാണ് അറിയുന്നത്.

എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലും അരുവിക്കര സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ മാറ്റേണ്ടതില്ലെന്ന നിലപാടും ചില ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ടുവാങ്ങിയത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എ സമ്പത്ത് ആയതിനാല്‍ ഉപതെരഞ്ഞെുപ്പില്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം നേതൃത്വം.

പാര്‍ലമെന്ററി രാഷ്ടീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് അരുവിക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ മുഖ്യ പ്രചാരണ ചുമതല. ഉമ്മന്‍ചാണ്ടിക്കെന്ന പോലെ പിണറായി വിജയനും അരുവിക്കര അഗ്നി പരീക്ഷണത്തിന്റെ വേദിയാണ്.

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വരാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും കരുക്കള്‍ നീക്കുന്ന സാഹചര്യത്തില്‍, അരുവിക്കരയില്‍ വിജയക്കൊടി നാട്ടുന്നത് ആരാണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

Top