എസ്എഫ്‌ഐ പൊതു സമ്മേളന ഉദ്ഘാടനം പിണറായി റദ്ദാക്കി; റാലിയും പ്രഹസനമായി

തൃശൂര്‍: തീപാറുന്ന മത്സരം നടക്കുന്ന അരുവിക്കരയിലെ ‘ഓളങ്ങളെ’ ഭയന്ന് എസഎഫ്‌ഐ സംസ്ഥാന പൊതു സമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി ഒഴിവാക്കി.

ജില്ലയിലെ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം പിണറായി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പിണറായി വരില്ലെന്ന് ഉറപ്പായതോടെ സമ്മേളനം എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വിജയ രാഘവനാണ് ഉദ്ഘാടനം ചെയ്തത്.

ചതുഷ്‌കോണ മത്സരം നടക്കുന്ന അരുവിക്കരയില്‍ അടിയൊഴുക്കുകള്‍ ശക്തമായതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന പിണറായി അവസാന നിമിഷം പരിപാടി റദ്ദാക്കിയതെന്നാണ് സൂചന.

സിപിഎമ്മിലെ മറ്റേത് നേതാക്കളെക്കാളും അരുവിക്കരയിലെ വിജയം പിണറായിക്ക് നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. ഇടത് മുന്നണിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കുന്ന പിണറായിക്ക് അരുവിക്കരയില്‍ അടിതെറ്റിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകില്ല.

അതേസമയം എസ്എഫ്‌ഐ സംസ്ഥാന പൊതു സമ്മേളനത്തോടനുബന്ധിച്ച പ്രകടനത്തിലെ വിദ്യാര്‍ത്ഥി പങ്കാളിത്ത കുറവ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചതായാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 25,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലിയാണ് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നതെങ്കിലും പങ്കെടുത്തത് 5000-ത്തില്‍ കുറവ് വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.

മാസങ്ങള്‍ക്ക് മുന്‍പേ സിപിഎം ബ്രാഞ്ച് – ലോക്കല്‍ ഘടകങ്ങള്‍ വിളിച്ച് ചേര്‍ത്ത് വിദ്യാര്‍ത്ഥി റാലി വിജയിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തന്നെ നേരിട്ട് നിര്‍ദേശം നല്‍കിയിട്ടും വിദ്യാര്‍ത്ഥി പങ്കാളിത്തംകുറഞ്ഞതാണ് നേതൃത്വത്തെ അമ്പരപ്പിച്ചത്.

ഇതുസംബന്ധമായി സംഘടനാ തലത്തില്‍ പരിശോധിക്കുമെന്നാണ് സിപിഎം -എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കുന്നത്.

പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ തന്നെ ഭൂരിപക്ഷവും പൊതു സമ്മേളനം തുടങ്ങിയ ഉടനെ തന്നെ സ്ഥലം വിട്ടതും സമ്മേളനത്തിന്റെ ശോഭ കെടുത്തി.

നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുഴുവന്‍ ‘പ്രായപരിധിയില്‍’ തട്ടി പുറത്താകുന്ന ‘ദയനീയ’ കാഴ്ചക്കും എസ്എഫ്‌ഐ തൃശൂര്‍ സമ്മേളനം സാക്ഷിയാകും. 25 വയസ് പ്രായ പരിധി നടപ്പാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് നിര്‍ദേശം നല്‍കിയത്.

Top