കേരള രാഷ്ട്രീയം ഇനി അരുവിക്കരയിലേക്ക് ; വി.എസിന്റെ നിലപാട് നിര്‍ണായകമാകും

തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തോടെ ഇനി രാഷ്ട്രീയ കേരളത്തിന്റെ എല്ലാ കണ്ണുകളും അരുവിക്കരയിലേക്ക്. തിരുവനന്തപുരം ജില്ലയിലെ ഉള്‍നാടന്‍ പ്രദേശമായ അരുവിക്കര മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പായിരിക്കും വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ ‘ടെസ്റ്റ് ഡോസ് ‘ . പ്രതിസന്ധിയും വെല്ലുവിളികളും നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്ന ഇടത് – വലത് മുന്നണികള്‍ക്ക് മാത്രമല്ല കേന്ദ്ര ഭരണത്തില്‍ അഭിമാനിക്കുന്ന ബിജെപിക്കും നവരാഷ്ട്രീയത്തിന്റെ പ്രതീകമായ ആം ആദ്മി പാര്‍ട്ടിക്കും അരുവിക്കര നിര്‍ണായകമാകും. തദ്ദേശ സ്വയംഭരണ സ്ഥാാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരെഞ്ഞെടുപ്പിന്റെ മുന്‍പ് തന്നെ അരുവിക്കരയില്‍ തെരെഞ്ഞെടുപ്പ് നടക്കുമെന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചങ്കിടിപ്പിക്കുന്നതാണ്. സോളാര്‍ – ബാര്‍കോഴ വിവാദത്തില്‍പെട്ട് പിടയുന്ന യുഡിഎഫിനും വി.എസിനെതിരായ നടപടിയില്‍ ഉറച്ച് നില്‍ക്കുന്ന സിപിഎമ്മിനും വന്‍ വെല്ലുവിളിയാണ് അരുവിക്കര ഉയര്‍ത്തുക. കഴിഞ്ഞ തവണ ഇടത്പക്ഷത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ നായരെ 10,674 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. പഴയ ആര്യനാട് മണ്ഡലമാണ് വിഭജനത്തോടെ അരുവിക്കരയായി മാറിയത്. 2006-ല്‍ ആര്യനാട് മണ്ഡലത്തില്‍ നിന്ന് ആര്‍എസ്പി നേതാവ് ചന്ദ്ര ചൂഡനെ 2198 വോട്ടിനും കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ കാര്‍ത്തികേയന്റെ ഭാര്യയെ തന്നെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമിക്കുക എന്നാണ് അണിയറ സംസാരം. ഇടതുപക്ഷത്ത് ആര്‍എസ്പിക്ക് നീക്കിവച്ച മണ്ഡലം ഇത്തവണ സിപിഎം ഏറ്റെടുക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇടത് മുന്നണി വിട്ട് ആര്‍എസ്പി യുഡിഎഫ് മുന്നണിയില്‍ എത്തിയതിനാല്‍ അരുവിക്കരയില്‍ മത്സരിക്കാന്‍ സിപിഎമ്മിന് മുന്നണിയില്‍ വെല്ലുവിളി ഉണ്ടാവില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് സിപിഎമ്മിന് വെല്ലുവിളിയാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് നടക്കുന്ന പോളിറ്റ് ബ്യൂറോയില്‍ വി.എസിനെതിരായ വിവാദ പരാമര്‍ശം നീക്കാതിരിക്കുകയും വി.എസിനെ സംസ്ഥാന കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്താല്‍ ഇടതുപക്ഷത്തിന്റെ നിലകൂടുതല്‍ ദയനീയമാകും. ഈ സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തിറങ്ങുമെന്നും ഉറപ്പാണ്. അതിനാല്‍ തന്നെ നിലവിലെ പ്രത്യേക സാഹചര്യം കൂടി പരിഗണിച്ചായിരിക്കും വി.എസിന്റെ കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇനി തീരുമാനമെടുക്കുക. തെരെഞ്ഞെടുപ്പ് പ്രചാരണം വി.എസ് നയിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ഇടത് പക്ഷത്തിന് കിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. നിയമസഭയിലും ഇടത്പക്ഷ മുന്നണി യോഗത്തിലും കഴിഞ്ഞ ദിവസം വി.എസ് പങ്കെടുത്തിട്ടുണ്ടെങ്കിലും പാര്‍ട്ടി യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും അദ്ദേഹം ബഹിഷ്‌കരണം തുടരുകയാണ്. അരുവിക്കരയിലെ ‘സാഹചര്യം’ ഒരിക്കല്‍ കൂടി ചെമ്പടയുടെ പ്രചാരകനാകാന്‍ വി.എസിന് അവസരമൊരുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Top