അരുവിക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും; യുഡിഎഫ് ആവേശത്തില്‍..!

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ നിലപാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.

സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ നിലപാട് പൊതു സമൂഹത്തിനിടയില്‍ ശക്തമാണെങ്കിലും, അത് ഏകീകരിച്ച വോട്ടായി മാറാതെ പല ഭാഗങ്ങളിലായി ഭിന്നിച്ച് പോകുന്നത് ആത്യന്തികമായി യുഡിഎഫിനാണ് ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2006-ല്‍ ഇടത് തരംഗം വീശിയടിച്ചപ്പോഴും കാര്‍ത്തികേയന്‍ 2000-ല്‍ പരം വോട്ടിനാണ് അരുവിക്കരയില്‍ നിന്ന് വിജയിച്ചിരുന്നത്. 2011-ല്‍ ഈ ഭൂരിപക്ഷം 10,000-കവിയുകയും ചെയ്തു. യുഡിഎഫിന്റെ പ്രതീക്ഷ ഈ കണക്കുകളിലാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് 4000-ത്തോളം വോട്ട് കൂടുതല്‍ വാങ്ങി മുന്നോട്ട് പോയതിലാണ് ഇടത് പ്രതീക്ഷ.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1834 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് 2011-ല്‍ അത് 7600 കവിയുകയും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 15,000ത്തോളമായി വര്‍ദ്ധിച്ചതുമാണ് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഈ കണക്ക് കൂട്ടലുകള്‍ തെറ്റിക്കാന്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിയും ഇത്തവണ അരുവിക്കരയിലുണ്ട്.

നഷ്ട്‌പ്പെട്ട പ്രതിച്ഛായ വീണ്ടും ഡല്‍ഹിയില്‍ തിരിച്ച്പിടിച്ച ആത്മവിശ്വാസത്തോടെയും പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറന്ന ആവേശത്തിലും ആം ആത്മി പാര്‍ട്ടിയും അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതോടെ ഇടതുപക്ഷത്തിന് കിട്ടേണ്ട സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ് കൂടുതലും ഛിന്നഭിന്നമായി പോകുക എന്നാണ് വിലയിരുത്തല്‍.

പിഡിപി, എസ്ഡിപിഐ തുടങ്ങിയ ചെറുകിട പാര്‍ട്ടികളും അരുവിക്കരയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടുപോലും വളരെ നിര്‍ണായകമാണെന്നിരിക്കെ പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ അടയാളം കൂടിയാകും അരുവിക്കരയില്‍ പതിയുക.

ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ മുനയൊടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തിന് കഴിയുമെന്നതിനാല്‍ അരുവിക്കരയില്‍ എഎപിയെ യുഡിഎഫ് ഇപ്പോള്‍ മനസാ ആഗ്രഹിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി പദത്തിനും രാഷ്ട്രീയ നിലനില്‍പ്പിനും അരുവിക്കരയിലെ വിജയം അനിവാര്യമായതിനാല്‍ യുഡിഎഫ് വോട്ട് ബാങ്കില്‍ പരമാവധി ചോര്‍ച്ചയുണ്ടാകാതെ നോക്കി നവ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍.

ബിജെപി കേഡര്‍ വോട്ടുകള്‍ക്ക് പുറമെ പിടിക്കുന്ന വോട്ടുകളില്‍ നല്ലൊരു പങ്കും ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കേണ്ടതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.

കാര്യങ്ങള്‍ എന്തായാലും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ് കൂടുതലായി ഭിന്നിക്കപ്പെടുക എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നത ഇല്ല എന്നതാണ് സത്യം.

Top