ശബരീനാഥനെതിരെ പരാതിയായത് കെഎസ്‌യു പ്രസിഡന്റിന്റെ മത്സര മോഹം

തിരുവനന്തപുരം: അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥനെതിരെ കെപിസിസി പ്രസിഡന്റിനു കത്തു നല്‍കി വിവാദമാക്കിയതിനു പിന്നില്‍ കെഎസ്‌യു പ്രസിഡന്റ് വി.എസ് ജോയിയുടെ മത്സരമോഹം.

വിവാഹം കഴിഞ്ഞാല്‍ കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തു തുടരാനാവില്ല. വിവാഹം വരുമ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു മാറുകയാണ് കെഎസ്‌യുവിലെ കീഴ്‌വഴക്കം. ജെ. ജോസഫ്, ജെയ്‌സണ്‍ ജോസഫ്, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവരാണ്.

എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രസിഡന്റ് സ്ഥാനം കൈവിടാതെ സംരക്ഷിക്കുകയാണ് ജോയി. കെഎസ്‌യു പ്രസിഡന്റിനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നല്‍കുന്നത് കോണ്‍ഗ്രസിലെ കീഴ്‌വഴക്കമാണ്. കെ.സി വേണുഗോപാലും വിഷ്ണുനാഥും ഷാഫി പറമ്പിലുമെല്ലാം ഇത്തരത്തില്‍ മത്സരിച്ച് എംഎല്‍എമാരായവരാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കെഎസ്‌യു പുനസംഘടന വരുമ്പോള്‍ വി.എസ് ജോയിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. നിയമസഭയിലേക്ക് മത്സരിക്കാന്‍ പുതിയ കെഎസ്‌യു പ്രസിഡന്‍ിനായിരിക്കും നറുക്കു വീഴുക.

ഇതോടെ ജോയിയുടെ എംഎല്‍എ മോഹത്തിനും തിരിച്ചടിയാകും. ഇതു മുന്നില്‍ കണ്ട് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖ മത്സരിക്കുന്നില്ലെങ്കില്‍ സീറ്റു ലഭിക്കാന്‍ ജോയിയും ചരടു വലിച്ചിരുന്നു. എന്നാല്‍ കെഎസ്‌യു പ്രസിഡന്റിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴാണ് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരനു കത്തു നല്‍കിയത്.

എന്നാല്‍ ജോയിയുടെ കത്തിനെ കോണ്‍ഗ്രസ് നേതൃത്വം അര്‍ഹിക്കുന്ന അവജ്ഞയോടെയാണ് തള്ളിക്കളഞ്ഞത്. ശബരീനാഥന്റെ കെഎസ്‌യു പ്രവര്‍ത്തന പാരമ്പര്യം ഉയര്‍ത്തി കാട്ടിയ സുധീരന്‍ അരുവിക്കരയില്‍ നടക്കുന്നത് കോളേജ് ഇലക്ഷനല്ലെന്നു പറഞ്ഞ് കെഎസ്‌യു പ്രസിഡന്റിന് കണക്കിനു കൊടുക്കുകയും ചെയ്തു.

ശബരീനാഥ് ഉള്‍ക്കരുത്തുള്ള ചെറുപ്പക്കാരനാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും രംഗത്തെത്തി. ശബരീനാഥനു വേണ്ടി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയപ്പോള്‍ വിമത ശബ്ദം ഉയര്‍ത്തിയ കെഎസ്‌യു പ്രസിഡന്റ് വി.എസ് ജോയി ഒറ്റപ്പെടുകയായിരുന്നു.

നിലവില്‍ എംഎസ്എഫിന്റെ ശക്തിയിലാണ് കാലിക്കറ്റ് സര്‍വകലാശാല ഭരണം കെഎസ്‌യുവിനു ലഭിച്ചത്. കേരളത്തിലെ മറ്റൊരു സര്‍വകലാശാലയിലും പേരിനു പോലും കെഎസ്‌യു ഇല്ല.

പോളി ടെക്‌നിക്കു യൂണിയനും വര്‍ഷങ്ങളായി എസ്എഫ്‌ഐ കുത്തകയാക്കി വെച്ചിരിക്കുകയാണ്. ഭരണവും അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളുണ്ടാക്കിയിട്ടും കെഎസ്‌യുവിനെ ചലനാത്മകമാക്കന്‍ വി.എസ് ജോയിക്കു കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം എ ഗ്രൂപ്പില്‍ തന്നെയുണ്ട്.

വിവാഹം കഴിഞ്ഞതിനാല്‍ പുതിയ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനായി ജോയി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ഐ ഗ്രൂപ്പും ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാന കമ്മിറ്റി പോലും വിളിക്കാതെ പ്രസിഡന്റ് സ്ഥാനം കൈവിടാതെ കാക്കുകയാണ് ജോയി.

Top