അരുവിക്കരയിലെ വിജയ സാധ്യത; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന അരുവിക്കര കേന്ദ്ര സര്‍ക്കാരും ഗൗരവമായി നിരീക്ഷിക്കുന്നു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് (ഐ.ബി) തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയുള്ള പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന തെരഞ്ഞെടുപ്പ് അല്ലെങ്കിലും അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയാനുള്ള സാധ്യത ഉണ്ടോയെന്നാണ് കേന്ദ്രത്തിന്റെ നോട്ടം.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അരുവിക്കരയില്‍ അട്ടിമറി വിജയം നേടാനോ അതല്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് വരാനോ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് കഴിയുമെന്നാണ് ഐ.ബിയുടെ വിലയിരുത്തലെന്നാണ് സൂചന.

ശക്തമായ ത്രികോണ മത്സരത്തില്‍ രാജഗോപാല്‍ ‘നേമം’ മോഡലില്‍ അട്ടിമറി മുന്നേറ്റം നടത്തിയാല്‍ അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റിമറിക്കുമെന്നാണ് കരുതപ്പെടുന്നത്.

ജാതി വോട്ടുകള്‍ക്ക് പുറമെ ആദിവാസി മേഖലയില്‍ ശക്തമായ സ്വാധീനം ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഐബിയുടെ കണ്ടെത്തല്‍. ആദിവാസി സംഘടനകള്‍ പരസ്യമായി രാജഗോപാലിന് നേരത്തെ തന്നെ പിന്‍തുണ പ്രഖ്യാപിച്ചിരുന്നു.

ഭരണപക്ഷ വിരുദ്ധ വോട്ടുകളില്‍ നല്ലൊരു ഭാഗം ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്നും രാജഗോപാല്‍ വിജയിച്ചാല്‍ അരുവിക്കരയില്‍ കേന്ദ്ര പദ്ധതികള്‍ വരുമെന്നുള്ള പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യാന്‍ ഇടയുണ്ടെന്നുമാണ് ഐബിയുടെ വിലയിരുത്തല്‍.

ഐ.ബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടലിന് കേന്ദ്രം തയ്യാറാകുമെന്നാണ് സൂചന.

രാജഗോപാല്‍ വിജയിച്ചാല്‍ അരുവിക്കരക്കായി പ്രത്യേക പാക്കേജ് തന്നെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ രാജഗോപാലില്‍ ബിജെപി നേതൃത്വം പ്രതീക്ഷയര്‍പ്പിക്കുന്നതും അട്ടിമറി പ്രതീക്ഷിച്ചാണ്.

കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്കൗണ്ട് തുറന്ന ബിജെപിക്ക് അരുവിക്കരയില്‍ കൂടി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ നേട്ടമാകുമെന്നതിനാല്‍ ബിജെപി കേന്ദ്ര നേതൃത്വം വളരെ ഗൗരവമായാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുന്നത്.

രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ പോലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ പൊളിച്ചെഴുത്തിന് അത് വഴിവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന ഭരണത്തിന്റെ കരുത്തില്‍ കോണ്‍ഗ്രസും കേന്ദ്ര ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ ബിജെപിയും സംഘടനാ സംവിധാനത്തിന്റെ മികവില്‍ സിപിഎമ്മും ലക്ഷ്യമിടുന്നത് അരുവിക്കരയിലെ വിജയം മാത്രമാണ്.

Top