യുഡിഎഫിന് കാലിടറിയാല്‍ സര്‍ക്കാര്‍ വീഴും; പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത.

യുഡിഎഫ് പരാജയപ്പെടുന്നതോടെ ഘടകകക്ഷിയായ ജനതാദളും കേരള കോണ്‍ഗ്രസിലെയും ആര്‍എസ്പിയിലേയും ഒരോ വിഭാഗങ്ങളും ഇടത് പാളയത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന.

അരുവിക്കര തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പ്രഖ്യാപിച്ചതിനാല്‍ ശബരീനാഥ് പരാജയപ്പെട്ടാല്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വരും.

രമേശ് ചെന്നിത്തലയുടേയോ മറ്റേതെങ്കിലും നേതാവിന്റെയോ നേതൃത്വത്തില്‍ മന്ത്രിസഭാ പുന:സംഘടനക്ക് അവസരം നല്‍കാതെ സര്‍ക്കാരിനെ അത്തരമൊരു സാഹചര്യത്തില്‍ വീഴ്ത്താനാണ് സിപിഎം നീക്കം.

ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ പ്രവേശിപ്പിക്കില്ലെങ്കിലും കേരള കോണ്‍ഗ്രസിലെ പഴയ ജോസഫ് വിഭാഗം അനുകൂലമായി പ്രതികരിച്ചാല്‍ ഇടത് മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുമെന്നാണ് സൂചന.

തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകളില്‍ കൈവയ്ക്കില്ലെങ്കില്‍ ഇത്തരമൊരു മുന്നണി വിപുലീകരണത്തെ എതിര്‍ക്കേണ്ടെന്ന നിലപാടിലാണ് സിപിഐ.

നിയമസഭാ പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ സിപിഎം ‘തയ്യാറെടുക്കുമെന്ന്’ രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കാര്യങ്ങള്‍ അനുകൂലമായി വരികയാണെങ്കില്‍ ഘടകകക്ഷികള്‍ എതിര്‍ത്താലും ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) യെയും പി.സി ജോര്‍ജിനെയും സഹകരിപ്പിക്കാമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

ബാര്‍ കോഴയുമായി ബന്ധപ്പെട്ടും സരിതാ വിവാദവുമായി ബന്ധപ്പെട്ടും കൈരളി ടി.വിയും റിപ്പോര്‍ട്ടര്‍ ടി.വിയും പുറത്ത് വിട്ട വിരങ്ങള്‍ വോട്ടെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും മുന്നണി നേതാക്കള്‍ക്കുണ്ട്.

ചാനല്‍ വെളിപ്പെടുത്തല്‍ സംബന്ധമായി ശക്തമായ പ്രചരണമാണ് ഇടത് മുന്നണിയും ബിജെപിയും അരുവിക്കരയില്‍ അഴിച്ചു വിട്ടിരിക്കുന്നത്.

വിജയകുമാര്‍ 5,000ത്തിനും 12,000ത്തിനുമിടയില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ ‘ആഭ്യന്തര’ വിലയിരുത്തല്‍. 45,000 അടിസ്ഥാന വോട്ടുകള്‍ പാര്‍ട്ടിക്കുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം.

ബിജെപിയും പി.സി ജോര്‍ജും യുഡിഎഫിന്റെ വോട്ടുകള്‍ ചോര്‍ത്തുമെന്നും ഒ രാജഗോപാലിന് 20,000-ത്തോളം വോട്ട് ലഭിക്കുമെന്നുമാണ് സിപിഎം കണക്കുകള്‍ സൂചിപ്പിക്കുന്നത്.

42ശതമാനത്തിനും 45 ശതമാനത്തിനും ഇടയിലുള്ള വോട്ടാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി ബൂത്ത് കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഈ വിലയിരുത്തല്‍.

Top