അരുവിക്കരയില്‍ പ്രചാരണത്തിന് നടന്‍ സുരേഷ് ഗോപിയും മുകേഷും രംഗത്തിറങ്ങും

തിരുവനന്തപുരം:  അരുവിക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടന്‍ സുരേഷ് ഗോപിയും ഇടതുമുന്നണി പ്രചാരണത്തിന് നടന്‍ മുകേഷും രംഗത്തിറങ്ങും. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടന്‍ ജഗദീഷിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസിലും ആലോചനയുണ്ട്.  ഫലത്തില്‍ താരങ്ങളുടെ ഗ്ലാമര്‍ പ്രചാരണത്തിനാണ് അരുവിക്കരയില്‍ കളമൊരുങ്ങുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ പോലും ഇടംപിടിക്കുന്ന സുരേഷ്‌ഗോപി എന്തായാലും അരുവിക്കരയില്‍ സജീവമായി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഇരുമുന്നണികളെയും ഞെട്ടിക്കാന്‍ സുരേഷ്‌ഗോപി സ്ഥാനാര്‍ത്ഥിയാവണമെന്ന താല്‍പര്യം ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെങ്കിലും നിയമസഭാ ഉപതെരഞ്ഞെടുപ്പായതിനാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നാണ് സുരേഷ്‌ഗോപിയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും താരം കൈവിട്ടിട്ടില്ല.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് റിഹേഴ്‌സലായതിനാല്‍ അരുവിക്കരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേന്ദ്ര നേതാക്കളെ അടക്കം പ്രചാരണത്തിന് കൊണ്ടുവരാനാണ് ബിജെപി നേതൃത്വത്തിന്റെ  തീരുമാനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ശിവന്‍കുട്ടിക്ക് 7,694 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജി. കാര്‍ത്തികേയന് 56,797 വോട്ടും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അമ്പലത്തറ ശ്രീധരന്‍ നായര്‍ക്ക് 46,123 വോട്ടുകളുമാണ് ലഭിച്ചത്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ അരുവിക്കരയില്‍ കഴിയുമെന്നാണ്  ബിജെപി നേതാക്കളുടെ അവകാശ വാദം. ബാര്‍കോഴ വിവാദത്തിലും വനിത എംഎല്‍എമാര്‍ക്കെതിരായ അധിക്ഷേപത്തിലും പെട്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായതും വി.എസ് സിപിഎം നേതൃത്വവുമായി ഉടക്കി നില്‍ക്കുന്നതും തങ്ങള്‍ക്ക് പ്രതീക്ഷയാകുമെന്ന ആത്മിവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായതിനാല്‍ മികച്ച പ്രകടനം ബിജെപി സംസ്ഥാന നേതൃത്വത്തിന് അനിവാര്യമാണ്. ആര്‍എസ്എസ് സംഘടനാ സംവിധാനവും കേന്ദ്രമന്ത്രിമാരുടെയും നടന്‍ സുരേഷ് ഗോപി അടക്കമുള്ളവരുടെ പ്രചാരണവും ഇതിന് തുണയാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നതാണ് ബിജെപി നേതൃത്വം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. പൊതുസമൂഹത്തിന് കൂടി സ്വീകാര്യനായ പാര്‍ട്ടിക്ക് പുറത്തുള്ള ആരെയെങ്കിലും പരിഗണിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തും ചാലക്കുടിയിലും ഇടതുമുന്നണിക്ക് വേണ്ടി സജീവ പ്രചാരണത്തിനിറങ്ങിയ നടന്‍ മുകേഷിനെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം സിപിഐ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.

അടുത്തമാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മാത്രമെ ഇതുസംബന്ധമായ ചര്‍ച്ചകളിലേക്ക് സിപിഎമ്മും ഇടതുമുന്നണിയും കടക്കുകയൊള്ളു. മുകേഷ് സ്ഥാനാര്‍ത്ഥിയായാലും ഇല്ലെങ്കിലും പ്രാചരണത്തില്‍ മുന്‍നിരയില്‍ ഉണ്ടാകുമെന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യയായ സുലേഖയെ യുഡിഎഫ് സ്ഥാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അനൗപചാരിക ചര്‍ച്ചകളിലുണ്ടായ ധാരണ. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും മുഖ്യമന്ത്രി തന്നെ നേരിട്ട് അനുനയശ്രമവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

സിറ്റിംഗ് സീറ്റായ അരുവിക്കര നഷ്ടപ്പെട്ടാല്‍ അത് സര്‍ക്കാരിന് കനത്ത പ്രഹരമാകുമെന്നതിനാല്‍ ഏതു വിധേനയും മണ്ഡലം നിലനിര്‍ത്തുക എന്നതുമാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം.

Top