അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി രാജിവയ്ക്കും. വിശ്വസ്തരായ എ വിഭാഗം നേതാക്കളോടും അടുപ്പക്കാരോടുമാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

അരുവിക്കരയിലെ വിജയം തന്റെ രാഷ്ട്രീയ ഭാവിക്ക് മാത്രമല്ല ‘എ’ വിഭാഗത്തിന്റെ ഭാവിക്കും നിര്‍ണായകമാണെന്ന സൂചനയാണ് രാജി തീരുമാനത്തിലൂടെ ഉമ്മന്‍ചാണ്ടി നല്‍കിയതെന്നാണ് എ വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

ഐ വിഭാഗത്തിന്റെ പ്രവര്‍ത്തനം കണക്കിലെടുക്കാതെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്താനും വിവിധ ജില്ലകളിലെ പ്രമുഖ ‘എ’ വിഭാഗം നേതാക്കളെ അരുവിക്കരയില്‍ പ്രചാരണത്തിനെത്തിക്കാനുമാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം.

സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ബാര്‍ കോഴ വിവാദത്തിന്റെ മുനയൊടിക്കാനും നേതൃമാറ്റം ആവശ്യപ്പെട്ട ഐ വിഭാഗത്തെ പ്രഹരിക്കാനും അരുവിക്കരയിലെ വിജയം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ‘എ’ വിഭാഗം നേതാക്കള്‍ വിലിരുത്തുന്നുണ്ട്.

അരുവിക്കരയില്‍ പിഴച്ചാല്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുമെന്നതിനാല്‍ ‘ഐ’ ഗ്രൂപ്പ് പാലം വലിക്കുമോയെന്ന ഭീതിയും ‘എ’ ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്.

അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുഖ്യമന്ത്രി സമ്മര്‍ദം തുടരുന്നത് സഹതാപ തരംഗം വോട്ടാക്കി മാറ്റാമെന്ന ഉദ്യേശം കൂടി മുന്‍നിര്‍ത്തിയാണ്.

നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ ജൂണ്‍ 27-ലെ തിരഞ്ഞെടുപ്പും 30-ലെ വോട്ടെണ്ണലും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാറ്റി മറിക്കും.

കടുത്ത വെല്ലുവിളികള്‍ക്കിടയിലും അരുവിക്കരയില്‍ വിജയിച്ചാല്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും പിടിവള്ളിയാകും. പ്രതിപക്ഷത്തിനാകട്ടെ കനത്ത തിരിച്ചടിയുമാകും.

ബാര്‍ കോഴ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനും പൊതു തിരഞ്ഞെടുപ്പിലേക്ക് ആത്മ വിശ്വാസത്തോടെ പോകാനും അരുവിക്കരയിലെ വിജയം യുഡിഎഫിന് കരുത്താകും.

അതേസമയം പരാജയമാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ തന്നെ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടി രാജിവയ്ക്കും.

കോണ്‍ഗ്രസിലും മുന്നണിയിലും കലാപക്കൊടി ഉയരുന്നതിന് മുന്‍പ് തന്നെ ഉമ്മന്‍ചാണ്ടി രാജിവച്ച് നേതൃമാറ്റത്തിന് വഴിയൊരുക്കും. എ.കെ ആന്റണിയെ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിച്ച് ചെന്നിത്തലയുടെ വഴിമുടക്കാനാണ് ‘എ’ വിഭാഗം ശ്രമിക്കുകയെന്നാണ് ലഭിക്കുന്ന സൂചന.

Top