അരുവിക്കരയില്‍ തിരിച്ചടി; പിള്ളയുടെയും മകന്റെയും രാഷ്ട്രീയ മോഹങ്ങള്‍ തൃശങ്കുവില്‍

തിരുവനന്തപുരം: അരുവിക്കരയില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് എല്‍ഡിഎഫില്‍ കയറിക്കൂടാമെന്ന കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുടെയും മകന്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെയും രാഷ്ട്രീയമോഹങ്ങള്‍ ത്രിശങ്കുവില്‍.

അരുവിക്കരയില്‍ ബാലകൃഷ്ണപിള്ളയും ഗണേഷും ഇടതുമുന്നണിയെ പിന്‍തുണച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത് ഗണേഷ്‌കുമാര്‍ ഇടത് ബന്ധത്തിനു ശ്രമിച്ചിരുന്നു.

ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം ബാലകൃഷ്ണപിള്ളയും പങ്കെടുത്ത് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.

ഇടമലയാര്‍ അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്തി രണ്ടു വര്‍ഷം തടവുശിക്ഷ നേടിക്കൊടുത്തത് വി.എസ് അച്യുതാനന്ദനാണ്. എന്നാല്‍ ബാര്‍ കോഴ അഴിമതിക്കും സോളാര്‍ അഴിമതിക്കുമെതിരെ പിള്ളയും വി.എസും ഒന്നിക്കുന്ന കാഴ്ചയാണുണ്ടായത്.

യുഡിഎഫില്‍ കാബിനറ്റ് മന്ത്രിക്കു തുല്യമായ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാണ് ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടത്.

ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കേസുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട മന്ത്രി സ്ഥാനം തിരിച്ചു നല്‍കാത്തതിനാലാണ് ഗണേഷ് ഉമ്മന്‍ചാണ്ടിയുമായി ഇടഞ്ഞത്. ആദ്യം പിണക്കത്തിലായിരുന്ന പിള്ളയും മകനും ഒടുവില്‍ ഒന്നിച്ച് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ശ്രമിക്കുകയായിരുന്നു. ഈ നീക്കത്തിനാണ് അരുവിക്കര തിരിച്ചടി നല്‍കിയത്.

Top