അരുവിക്കരയില്‍ അങ്കത്തിന്‌ ആം ആദ്മിയും; ചങ്കിടിപ്പോടെ മുന്നണികളും പി.സി ജോര്‍ജും

തിരുവനന്തപുരം: ഇരു മുന്നണികളെയും വെല്ലുവിളിച്ച് ശക്തി പരീക്ഷണത്തിനൊരുങ്ങുന്ന പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിക്ക് കന്നിയങ്കത്തില്‍ തന്നെ കനത്ത വെല്ലുവിളി.

ബാര്‍ കോഴയും സോളാര്‍ തട്ടിപ്പും സജീവ ചര്‍ച്ചാ വിഷയമാകുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണികളെ ഞെട്ടിച്ച് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകുന്നതിനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന പി.സി ജോര്‍ജിനും സംഘത്തിനും ഇടത്- വലത് മുന്നണികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മത്സരിക്കാനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധമായ തീരുമാനമുണ്ടാകും.

കേന്ദ്ര നേതൃത്വത്തിലെ ഗ്രൂപ്പിസം ഇമേജിനെ സാരമായി ബാധിച്ചിരുന്ന ആം ആദ്മി പാര്‍ട്ടിക്ക്, ഡല്‍ഹിയുടെ അധികാര കേന്ദ്രത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ പൊതു സ്വീകാര്യത വര്‍ദ്ധിച്ചതും കന്നിയങ്കത്തില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അട്ടിമറി വിജയം നേടാനായതുമാണ് അരുവിക്കരയിലേക്കുള്ള യാത്രയില്‍ കരുത്താകുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ച സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം.

മാത്രമല്ല വിഎസ്ഡിപി, ഡിഎച്ച്ആര്‍എം തുടങ്ങിയ ജാതി സംഘടനകളെ കൂട്ടുപിടിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ശൈലിയില്‍ വോട്ട് തേടാനുള്ള പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ പൊള്ളത്തരം തുറന്നു കാട്ടാനും ഭാവിയിലെ വെല്ലുവിളി ഒഴിവാക്കാനും ആം ആദ്മി പാര്‍ട്ടിക്ക് അരുവിക്കര നിര്‍ണായകമാണെന്ന കാഴ്ചപ്പാടും നേതാക്കള്‍ക്കിടയിലുണ്ട്.

പൊതു തെരഞ്ഞെടുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും മത്സരിച്ചാല്‍ മതിയെന്ന അഭിപ്രായവും പാര്‍ട്ടി നേതൃത്വത്തിനുണ്ടെങ്കിലും സംസ്ഥാന കണ്‍വീനറും എഴുത്തുകാരിയുമായ സാറാ ജോസഫ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ആ തീരുമാനം നടപ്പാക്കാനാണ് സാധ്യത കൂടുതല്‍.

അങ്ങനെ വന്നാല്‍ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിക്കാണ്.

ദേശീയ തലത്തില്‍ തന്നെ യഥാര്‍ത്ഥ അഴിമതി വിരുദ്ധ പോരാളികള്‍ എന്ന് അംഗീകരിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിക്ക് നിഷ്പക്ഷ വോട്ടുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞേക്കും.

ഫേസ്ബുക്കും വാട്‌സ് ആപ്പും ശക്തമായ സ്വാധീനം ചെലുത്തുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെയും ന്യൂജനറേഷന്‍ വിഭാഗത്തിലെ യുവാക്കളുടെയും പിന്‍തുണയാണ് ആം ആദ്മി പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തകരെയെല്ലാം പ്രചാരണത്തിനായി മണ്ഡലത്തിലിറക്കാന്‍ കഴിയുമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ‘ആപ്പിന്റ്’ നീക്കം.

സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും പുറമെ ബിജെപിയും പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.

കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ഇടത് -വലത് മുന്നണികളുടെ അവസരവാദ നിലപാടുമാണ് ബിജെപിയുടെ പ്രധാന പ്രചരണായുധം.

അമിത് ഷാ നേരിട്ട് സംസ്ഥാനത്തെത്തി നേതൃയോഗങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായതിനാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വോട്ട് വര്‍ദ്ധന അനിവാര്യമാണ്.

ചെറുകക്ഷികളും സ്വതന്ത്രരും അപരന്മാരും കൂടി രംഗത്ത് വരുന്നതോടെ തെരഞ്ഞെടുപ്പ് രംഗം പ്രവചനാതീതമാകും. ഓരോ വോട്ടും നിര്‍ണായകമാകുന്ന തെരഞ്ഞെടുപ്പിലെ ജനവിധി കേരളത്തിലെ നിലവിലെ രാഷ്ട്രീയത്തിന് തന്നെ നിര്‍ണായകമാണ്.

Top