അരുവിക്കരയില്‍ ‘ആം ആദ്മി’യുടെ പ്രതീക്ഷ തകര്‍ത്തത്‌ നിയമമന്ത്രിയും പിസി ജോര്‍ജും

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്‍വാങ്ങാന്‍ കാരണം ഡല്‍ഹി നിയമമന്ത്രിയുടെ അറസ്റ്റ്.

അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും വ്യജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിയമമന്ത്രി ജിതേന്ദ്രസിങ് തോമര്‍ അറസ്റ്റിലായത് വലിയ തിരിച്ചടിയായിരുന്നു.

പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെട്ട ഈ സാഹചര്യത്തില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയതായാണ് സൂചന.

അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മണ്ഡലത്തില്‍ ജനസഭ വിളിച്ച് ചേര്‍ത്ത് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളെ ചുമതലപ്പെടുത്തിയ ഘട്ടത്തിലായിരുന്നു ഡല്‍ഹി നിയമമന്ത്രിയുടെ അറസ്റ്റ്.

പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കൂടി മത്സര രംഗത്തുള്ളതിനാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ഒരു വിഭാഗം വോട്ടുകള്‍ ഭിന്നിക്കുമെന്ന ആശങ്കയും ആം ആദ്മി നേതൃത്വത്തിനുണ്ടായിരുന്നു.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച് കരുത്തുകാട്ടാനാണ് നിലവിലെ തീരുമാനം.

കാര്യമായ വോട്ട് നേടാന്‍ അരുവിക്കരയില്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് വരുന്ന തെരഞ്ഞെടുപ്പുകളെയും പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെയും കേരളത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭീതിയും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് പിന്നിലെ പ്രധാന കാരണമാണ്.

മത്സരിക്കുന്നില്ലെങ്കിലും അരുവിക്കരയില്‍ തങ്ങളുടെ പിന്‍തുണ ഏത് സ്ഥാനാര്‍ത്ഥിക്കാണെന്ന് ഇതുവരെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Top