അരുവിക്കരക്കാര്‍ ഓര്‍ക്കുക നിങ്ങളുടെ വിരല്‍ തുമ്പില്‍ ‘പിടയുന്നത് ‘ കേരളത്തിന്റെ വിധി !

കേവലം ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എന്നതിലുപരി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കുന്ന ഒരു വിധിയെഴുത്താണ് 27ന് അരുവിക്കരയില്‍ നടക്കാന്‍ പോകുന്നത്.

അത്‌കൊണ്ടു തന്നെ വോട്ട് ചെയ്യുന്ന ഓരോ വ്യക്തിയും കേവലം പ്രാദേശികവല്‍ക്കരിച്ച് മാത്രം തെരഞ്ഞെടുപ്പിനെ കാണരുതെന്ന് അപേക്ഷിക്കുന്നു.

തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്നതില്‍ പ്രാദേശിക വിഷയങ്ങള്‍ പ്രധാന ഘടകമാണെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുന്ന പ്രത്യാഘാതം പ്രാദേശികമായി മാത്രം ഒതുങ്ങുന്നതല്ല.

സംസ്ഥാന ഭരണത്തെയും മുന്നണി സംവിധാനങ്ങളെയും ജാതി-മത സമവാക്യങ്ങളെയെല്ലാം മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു ‘സ്‌ഫോടന’ത്തിനാണ് നിങ്ങള്‍ വിരലമര്‍ത്തുന്നതെന്ന യാഥാര്‍ത്ഥ്യം പോളിംഗ് ബൂത്തില്‍ എത്തും മുന്‍പ് തിരിച്ചറിയണം.

ഇവിടെ സ്ഥാനാര്‍ത്ഥികളേക്കാള്‍ പ്രസക്തമാകുന്നത് അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മുന്നണികളുടെയും ആശയമാണ്.

വരുന്ന തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ പൊതു തെരഞ്ഞെടുപ്പിലും അരുവിക്കരയിലെ വിധിയെഴുത്താണ് വോട്ടര്‍മാരെ ഏറ്റവും അധികം സ്വാധീനിക്കാന്‍ പോകുന്നത്.

കാരണം വരുന്ന തെരഞ്ഞെടുപ്പുകളുടെ ടെസ്റ്റ് റിഹേഴ്‌സലാണ് അരുവിക്കരയില്‍ നടക്കുന്നതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രഖ്യാപിച്ച് കഴിഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തലാണെന്ന് മുഖ്യമന്ത്രിയും യുഡിഎഫും നേരത്തെ തന്നെ പ്രഖ്യാപിച്ചതുമാണ്.

പ്രചാരണത്തിലും പ്രാദേശിക വിഷയങ്ങളേക്കാള്‍ ഉയര്‍ന്ന് കേട്ടത് സംസ്ഥാന രാഷ്ട്രീയമാണ്. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളുമാണ്.

ഇനി ഓരോ സ്ഥാനാര്‍ത്ഥിയും വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ‘പ്രത്യാഘാതം’ മനസ്സിലാക്കുക…

ശബരീനാഥ്:- അച്ഛന്റെ മകന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ മുള്‍മുനയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അത് കരുത്താകും.

* സരിത-ബാര്‍ കോഴ വിവാദങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്ന് ചൂണ്ടിക്കാട്ടി ജനവിധി ‘തലവിധി’യാക്കി ആഭ്യന്തര മന്ത്രിയും ‘ഐ’ ഗ്രൂപ്പ് നേതാവുമായ രമേശ് ചെന്നിത്തലയെ പോലും വകവയ്ക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാം.

*അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും നായകനാകാനും ഭരണതുടര്‍ച്ചയുണ്ടാകുമെന്ന വിശ്വാസത്തില്‍, ഘടകകക്ഷികളെ പിടിച്ച് നിര്‍ത്താനും ഉമ്മന്‍ചാണ്ടിക്ക് കഴിയും.
ആന്റണി പറഞ്ഞപോലെ സര്‍ക്കാരിന് മൊത്തത്തില്‍ എ പ്ലസ് കിട്ടിയ പ്രതീതിയാണ് ഉണ്ടാവുക.

*ബാല കൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനും കനത്ത പ്രഹരമേല്‍പ്പിച്ചതിന്റെ ക്രഡിറ്റും അവരെ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കിയതിന്റെ ആവേശവും കോണ്‍ഗ്രസിലെ ‘എ’ വിഭാഗത്തിനുണ്ടാകും.

*വിജയ ലഹരിയില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പെട്ടെന്ന് പോയാലും അത്ഭുതപ്പെടാനില്ല.

* ‘ലോട്ടറി’ അടിക്കുക ഒരു പക്ഷേ മന്ത്രി കെ.എം മാണിക്ക് ആയിരിക്കും. ജനങ്ങളുടെ ‘കോടതിയില്‍’ വിജയിച്ചത് ചൂണ്ടിക്കാട്ടി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചാലും അധികാരത്തില്‍ കടിച്ച് തൂങ്ങിയേക്കും.

വിജയകുമാര്‍:-അരുവിക്കരയില്‍ ചെങ്കൊടി പാറിയാല്‍ പിന്നെ ഉടനെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വരും.

* പാളയത്തില്‍ നിന്ന് ‘പട’വരുംമുന്‍പ് രാജിവച്ചില്ലെങ്കില്‍ അത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകും.

* മന്ത്രി കെ.എം മാണിക്കെതിരെ യുഡിഎഫില്‍ കലാപക്കൊടി ഉയരും.

* യുഡിഎഫിലെ ഘടകകക്ഷിയായ ജനതാദളും ആര്‍എസ്പിയിലേയും കേരള കോണ്‍ഗ്രസിലേയും ഒരോ വിഭാഗങ്ങളും ഇടത് പക്ഷത്തേക്ക് ചേക്കേറും. ആസന്നമായ ഇടക്കാല തെരഞ്ഞെടുപ്പിനാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയം വഴി ഒരുക്കുക.

*ജാതി-മത ശക്തികള്‍ക്കുള്ള കനത്ത പ്രഹരമായിരിക്കും വിജയകുമാറിന്റെ വിജയം. എസ്എന്‍ഡിപിയുടെ പ്രസക്തി തന്നെ നഷ്ടമാകും. ജാതീയ വിലപേശലുകള്‍ക്ക് വിരാമമാകും.

* വിജയ ശില്‍പിയായ വി.എസിനെയും പിണറായിയെയും ഒരുമിച്ച് എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതിനെ ആശ്രയിച്ചായിരിക്കും ഇടത് പക്ഷത്തിന്റെ തുടര്‍ ഭാവി.

ഒ രാജഗോപാല്‍:- അരുവിക്കരയില്‍ താമര വിരിഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാകും.

*കേന്ദ്ര ഭരണത്തിലെ പിന്‍ബലത്തില്‍ അരുവിക്കരയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വികസന പദ്ധതികള്‍ കൊണ്ടുവന്ന് മാതൃക കാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടത്തിന് ശ്രമിക്കും. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും പ്രസക്തി വര്‍ധിക്കും. ജാതി-മത ശക്തികള്‍ രാഷ്ട്രീയ ശക്തിയായി മാറും.

* വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും മുന്നണികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റും.

*സംസ്ഥാനത്തില്‍ നിര്‍ണ്ണായകമായ മുന്നേറ്റമുണ്ടാക്കാന്‍ അരുവിക്കര ബിജെപിക്ക് കരുത്താകും. സംസ്ഥാന ഭരണം ലഭിക്കില്ലെങ്കിലും ഇടത്-വലത് മുന്നണികളില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്ന നിയമസഭാ സീറ്റുകളില്‍ വിജയിച്ചാല്‍ പോലും ബിജെപിക്ക് കഴിയും.

*ഇടത്-വലത് മുന്നണി സമവാക്യങ്ങള്‍ മാറും. ബിജെപി മുന്നണിയിലേക്ക് ചില കക്ഷികള്‍ കൂടുമാറിയാലും അത്ഭുതപ്പെടാനില്ല.

ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം…. ഏത് ബട്ടണില്‍ വിരലമര്‍ത്തണമെന്ന്…

Team Expresskerala

Top