അരവിന്ദ് കെജ്‌രിവാള്‍ മാവോയിസ്റ്റുകള്‍ക്ക് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കെജ്‌രിവാള്‍ കള്ളപ്രചാരണം നടത്തുകയാണെന്നും അരാജകവാദിയായ കെജ്‌രിവാളിന് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്നും മോഡി തുറന്നടിച്ചു.  മാവോയിസ്റ്റുകള്‍ക്ക് തുല്യമാണ് അരാജകവാദികളെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളില്‍ കുത്തിയിരിക്കുകയും ധര്‍ണ നടത്തുകയും ചെയ്യുന്നവര്‍ ആ പണി തന്നെ ചെയ്യുന്നതാണ് നല്ലതെന്നും അവര്‍ക്ക് നല്ല ഭരണം നടത്താനാകില്ലെന്നും ആം ആദ്മി പാര്‍ട്ടിയെ മോഡി രൂക്ഷമായി പരിഹസിച്ചു.

ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. വ്യക്തമായ ഭൂരിപക്ഷത്തില്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്ന് മോഡി ജനങ്ങളോട് ആഹ്വാനം ചെയ്തു.

കള്ളപ്രചാരണം നടത്തുകയും പുറകില്‍ നിന്ന് കുത്തുകയും ചെയ്യുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നയാളല്ല താന്‍. ഡല്‍ഹിയില്‍ വിരമിക്കല്‍പ്രായത്തെ കുറിച്ച് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു പരത്തിയ നുണകള്‍ ആരും വിശ്വസിക്കില്ല. ഗവണ്‍മെന്റ് വിചാരിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് കെജ്‌രിവാള്‍ പറയുന്നതെന്നും മോഡി ആരോപിച്ചു. നുണ പ്രചരിപ്പിക്കുന്ന ഒരു ഫാക്ടറി തന്നെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ജനങ്ങള്‍ തള്ളിക്കളയും. റോഡരികിലും മറ്റും കിടക്കുന്നവര്‍ക്ക് ശരിയായ താമസ സൗകര്യം ഒരുക്കണമെന്ന് മോഡി പറഞ്ഞു.

അഴിമതിക്കെതിരെ ഏറ്റവും മുകള്‍തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പതിയെ ഇത് താഴെതട്ടിലും എത്തും. ഏറ്റവും മുകളില്‍ നിന്നാണ് അഴിമതി തുടച്ചു നീക്കുന്നത് തുടങ്ങേണ്ടതെന്നും മോഡി പറഞ്ഞു.

Top