അയോദ്ധ്യാ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ തീര്‍ത്ഥാടനത്തിനായി എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു.

അയോദ്ധ്യയില്‍ സൗകര്യങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ.ആര്‍.ദവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.രാമജന്മഭൂമിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്രാനുള്ള സൗകര്യങ്ങളും യു.പി സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് 1996ല്‍ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച വിധി പ്രകാരം അയോദ്ധ്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും സ്വാമി അറിയിച്ചു. അതേസമയം, സ്വാമി ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉറപ്പു നല്‍കി.

Top