രാമക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ വിഎച്ച്പി രാജ്യം മുഴുവന്‍ രാമമഹോത്സവം നടത്തുന്നു

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമ ക്ഷേത്രം പുനര്‍ നിര്‍മിക്കുക എന്ന അജണ്ടയോടെ രാജ്യം മുഴുവന്‍ രാമ മഹോത്സവം സംഘടിപ്പിക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് പദ്ധതിയിടുന്നു. പുതിയ തലമുറയെ രാമക്ഷേത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്‍മാരാക്കുകയും 2019 ഓടെ രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കുകയുമാണ് രാമ മഹോത്സവം സംഘടിപ്പിക്കുന്നതിലൂടെ വിഎച്ച്പി ലക്ഷ്യമിടുന്നത്.

മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് മഹോത്സവം സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നത്. 2005ലും വിഎച്ച്പി രാമ മഹോത്സവം സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇതിന് രാമക്ഷേത്ര നിര്‍മാണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്ന രാമ മഹോത്സവം കൊണ്ട് രാമക്ഷേത്ര പ്രസ്ഥാനത്തെ കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും ബിജെപി നേതൃത്വം വഹിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്റിനെക്കൊണ്ട് 2019 ഓടെ രാമക്ഷേത്രം നിര്‍മിക്കുകയുമാണ് ലക്ഷ്യം.

രാമക്ഷേത്രം നിര്‍മ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ട് വരെ രാജ്യത്തുടനീളം ഒന്നര ലക്ഷം വില്ലേജുകളില്‍ രാമ മഹോത്സവം സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും വിഎച്ച്പി വക്താവ് ശരത് ശര്‍മ പറഞ്ഞു. എല്ലാ വില്ലേജുകളിലും രണ്ടര അടിയ ഉയരമുള്ള രാമന്റെ പ്രതിമയും നിര്‍മിക്കും. രാമ ക്ഷേത്രം നിര്‍മിക്കുക എന്നതാണ് മഹോത്സവത്തിന്റെ പ്രാഥമിക അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

മഹോത്സവത്തിന് വിഎച്ച്പിയുടെ എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ഓരോ വില്ലേജിലെയും നേതാക്കള്‍ പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കും. മഹോത്സവത്തിനിടെ വിഎച്ച്പി നേതാക്കളായ അശോക് സിംഗാളും പ്രവീണ്‍ തൊഗാഡിയയും മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന പൊതു പരിപാടികളും മതപരമായ പരിപാടികളും സംഘടിപ്പിക്കും. രാമ മഹോത്സവം ദേശീയ ഉത്സവമായി ആഘോഷിക്കാന്‍ പദ്ധതിയുണ്ടെന്നും ശരത് ശര്‍മ പറഞ്ഞു.

1980ന് ശേഷം ജനിച്ചവര്‍ക്ക് രാമക്ഷേത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയില്ലെന്നും ഇക്കാര്യം കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ ചര്‍ച്ചയായെന്നും വിഎച്ച്പി നേതാക്കള്‍ അറിയിച്ചു.

ഹിന്ദു കലണ്ടര്‍ പ്രകാരം മാര്‍ച്ച് 21 ചൈത്ര നവരാത്രി തുടങ്ങുന്ന ദിവസവും ഏപ്രില്‍ രണ്ട് മഹാവീര്‍ ജയന്തി ദിനവുമാണ്. മാര്‍ച്ച് 28നാണ് രാമനവമി. അന്ന് രാമ ജന്മോത്വമായി ആഘോഷിക്കാനും വിഎച്ച്പി ലക്ഷ്യം വെയ്ക്കുന്നുണ്ട്.

Top