അയോഗ്യത റിപ്പോര്‍ട്ടിനു പിന്നാലെ ചൂടുപിടിച്ച് ജാര്‍ഖണ്ഡ് രാഷ്ട്രീയം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കലുഷിതമായി ജാര്‍ഖണ്ഡിലെ രാഷ്ട്രീയ അന്തരീക്ഷം. സോറന്‍ അയോഗ്യനാണെന്നും, സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഇതിനിടെ നടപടി നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സോറനും സംഘവുമെന്നാണ് റിപ്പോർട്ട്. സഖ്യ എംഎല്‍എമാരുടെ യോഗം സോറന്‍ ഇന്ന് വിളിച്ചിട്ടുണ്ട്. സോറന്റെ റാഞ്ചിയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടക്കുക.

സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഗവര്‍ണര്‍ രമേഷ് ബായിസ് ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല. അയോഗ്യതാ നടപടി സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കില്ലെന്നാണ് ഇവരുടെ നിലപാട്. സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാണ് ജാര്‍ഖണ്ഡിലുള്ളത്.

സോറന്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ഈ ആരോപണം ഉന്നയിച്ചത്.

Top