അമേരിക്കയുടെ വാദം തെറ്റ്; സദ്ദാമിനെ പിടികൂടിയത് മാളത്തില്‍ നിന്നല്ല വീട്ടില്‍ നിന്ന്

ബാഗ്ദാദ്: ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ പിടികൂടിയത് മാളത്തില്‍നിന്നാണെന്ന യു.എസ് സൈന്യത്തിന്റെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട്. സദ്ദാമിനെ പിടികൂടി 12 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇറാഖ് അധിനിവേശം നടത്തിയ യു.എസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍. യു.എസ് സൈനികര്‍ക്കുവേണ്ടി തര്‍ജമ ചെയ്തിരുന്ന 41കാരന്‍ ഫിറാസ് അഹമദിനെ ഉദ്ധരിച്ച് അല്‍ അറബ് അല്‍ ജദീദ് എ ഓണ്‍ലൈന്‍ പത്രമാണ് വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്.

സദ്ദാമിനെ യഥാര്‍ഥത്തില്‍ ഒരു ഗ്രാമീണ വീടിന്റെ അടിയിലുള്ള ഒളിത്താവളത്തില്‍നിന്നാണ് പിടിച്ചത്. യു.എസ് സൈന്യം പറയുന്നതുപോലെ മാളത്തില്‍നിന്നല്ല. സൈന്യം ഇറാഖില്‍ കടന്നതോടെ ഒളിത്താവളമായി സദ്ദാം ഈ വീട് മാറ്റിയിരുന്നു. സദ്ദാമിനെ പിടിച്ച് രണ്ടുദിവസത്തിനുശേഷം റിഹാബ് കൊട്ടാരത്തില്‍ സൈന്യം നടത്തിയ ആഘോഷപരിപാടിക്കിടെയാണ് തനിക്ക് ഇക്കാര്യം ബോധ്യമായതെന്ന് ഫിറാസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ഇറാഖി രാഷ്ട്രീയ നേതാക്കള്‍ക്ക് പരിഭാഷ ചെയ്തുകൊടുക്കാനാണ് താന്‍ പോയത്. യു.എസ് സൈന്യത്തിന്റെ ഒരു ക്യാപ്റ്റനാണ് ഇക്കാര്യം പറഞ്ഞത്. സദ്ദാമിനെ പിടിച്ച ശേഷം ഒരു മാളത്തില്‍ കൊണ്ടുപോയി ഫോട്ടോ എടുക്കുകയായിരുന്നു. ഒളിച്ചുതാമസിച്ച വീടിന്റെ അടുത്തുതെന്നയായിരുന്നു വെള്ളം ഒഴുക്കു പൈപ്പ് ഇടാനായി ഒരുക്കിയ ഈ മാളം. ടൈഗ്രിസ് നദിക്ക് സമീപമുള്ള മിക്ക വീടുകള്‍ക്കടുത്തും ഇത്തരം മാളങ്ങള്‍ ഉണ്ടാവാറുണ്ട്.

സദ്ദാമിന്റെ കാഴ്ചയിലും വേഷത്തിലും മാറ്റംവരുത്തിയ ശേഷമാണ് ഫോട്ടോ എടുത്തത്. അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു ഉദ്ദേശ്യം. സൈന്യത്തിന്റെ പിടിയിലായ സദ്ദാമിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ താവളം ചോര്‍ത്തിക്കൊടുത്തത്. മാത്രമല്ല, ചവിട്ടിപ്പൊളിച്ച് ഒളിത്താവളത്തില്‍ കടക്കാന്‍ സൈന്യം ശ്രമിച്ചപ്പോള്‍ വാതില്‍ തുറന്നുകൊടുക്കുകയും പ്രതിരോധിക്കാന്‍ മുതിര്‍ന്നിരുന്നില്ലെന്നും ഫിറാസ് പറഞ്ഞു.

24 വര്‍ഷത്തോളം ഇറാഖ് ഭരിച്ച സദ്ദാമിനെ അധിനിവേശത്തിലൂടെ 2003ലാണ് യു.എസ് സൈന്യം പിടികൂടുന്നത്. 2006 ഡിസംബറില്‍ അദ്ദേഹത്തെ തൂക്കിലേറ്റി.

Top