അമേരിക്കന്‍ നടനും എഴുത്തുകാരനുമായ ട്രീറ്റ് വില്ല്യംസ് ബൈക്കപകടത്തില്‍ മരിച്ചു

 

 

മേരിക്കന്‍ നടനും എഴുത്തുകാരനുമായ ട്രീറ്റ് വില്ല്യംസ് അമേരിക്കയിലെ വെര്‍മണ്ടിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. ഡോര്‍സെറ്റിലെ പാര്‍ക്കിങ് സ്ഥലത്ത് എസ്.യു.വി കാറുമായി വില്ല്യംസിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. എയര്‍ലിഫ്റ്റ് വഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാര്‍ക്കിങ് സ്ഥലത്തേക്ക് തിരിഞ്ഞ എസ്.യു.വിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വില്ല്യംസ് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് വെര്‍മണ്ട് സ്റ്റേറ്റ് പോലീസ് പ്രതികരിച്ചു. ഇടിയുടെ ശക്തിയില്‍ വില്ല്യംസ് വാഹനത്തില്‍ നിന്ന് തെറിച്ചുവീണു. ആല്‍ബനിയിലെ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. അപകടം നടക്കുമ്പോള്‍ അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

അപകടത്തില്‍പ്പെട്ട എസ്.യു.വിയുടെ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. റിച്ചാര്‍ഡ് ട്രീറ്റ് വില്ല്യംസ് എന്നാണ് നടന്റെ മുഴുവന്‍ പേര്. സതേണ്‍ വെര്‍മണ്ടിലെ മാഞ്ചസ്റ്റര്‍ സെന്ററിലാണ് ട്രീറ്റ് വില്ല്യംസ് താമസിച്ചുവന്നിരുന്നത്. മരണവിവരം അദ്ദേഹത്തിന്റെ ഏജന്റ് ബാരി മക്‌ഫേഴ്‌സണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

1975-ല്‍ പുറത്തിറങ്ങിയ ഡെഡ്‌ലി ഹീറോ എന്ന ചിത്രത്തിലെ പോലീസ് വേഷം അവതരിപ്പിച്ചാണ് ട്രീറ്റ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് 12-ലേറെ ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും വേഷമിട്ടു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത 1941, ദ ഈഗിള്‍ ഹാസ് ലാന്‍ഡഡ്, പ്രിന്‍സ് ഓഫ് ദ സിറ്റി, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍് അമേരിക്ക, വെനമസ്, 127 അവേഴ്‌സ്, ഹെയര്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ ചിലതുമാത്രമാണ്.

1979-ല്‍ പുറത്തിറങ്ങിയ ഹെയര്‍ എന്ന ചിത്രത്തിലെ ഹിപ്പി നേതാവായുള്ള പ്രകടനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഒരുപിടി ടെലിവിഷന്‍ പരിപാടികളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും 2002 മുല്‍ 2006 വരെ അഭിനയിച്ച എവര്‍വുഡ് എന്ന ചിത്രത്തിലെ ഡോ, ആന്‍ഡ്രൂ ബ്രൗണ്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top