അഭയാ കേസ്; ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയാ കേസില്‍ സിബിഐയുടേയും ക്രൈം ബ്രാഞ്ചിന്റേയും കേസ് ഡയറി നവംബര്‍ 28 ന് ഹാജരാക്കുവാന്‍ സിബിഐക്ക് കോടതി ഉത്തരവ് നല്‍കി.

തെളിവു നശിപ്പിച്ച എട്ടു പേരെ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വാദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടത്.

ഫാ.തോമസ് എം കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ പ്രതിയായ കേസിലാണ് കോടതി വിചാരണ ആരംഭിച്ചത്.

അതിനിടയില്‍ അഭയ ആത്മഹത്യ ചെയ്തതാണെന്നും അഭയ കേസിലെ പ്രതികള്‍ നിരപരാധികളാണെന്നും കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയിലെത്തിയ ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന കെ ടി മൈക്കിളിനെ സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍ രഘു അതിരൂക്ഷമായി വിമര്‍ശിച്ചു.

സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാക്കി എഴുതി തള്ളിയ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ച ക്രൈം ബ്രാഞ്ച് എസ് പിയായിരുന്ന കെ ടി മൈക്കിളിനെ ഇത്തരത്തില്‍ ഒരു ഹര്‍ജിയുമായി പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി വരാന്‍ എന്തവകാശമാണെന്ന് കോടതി ചോദിച്ചു.

തൊണ്ടിമുതല്‍ നശിപ്പിച്ചതിന് കെ ടി മൈക്കിളിന്റെ കീഴുദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി സിബിഐ കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ കെ ടി മൈക്കിളിന്റെ പങ്ക് കൂടി കോടതിക്ക് നേരിട്ട് പരിശോധിക്കുന്നതിന് വേണ്ടിയാണ് 23 വര്‍ഷം മുമ്പുള്ള ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി നവംബര്‍ 28 ന് ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

Top