അബ്ദുള്ളക്കുട്ടി കാണിക്കാത്ത മാന്യത സിദ്ദിഖ് കാണിച്ചു; വെട്ടിലാകുന്നത് കെപിസിസി

കോഴിക്കോട്: സിപിഎമ്മിന്റെ ലോക്‌സഭാ കക്ഷി നേതാവ് പി. കരുണാകരനെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വെള്ളം കുടിപ്പിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സിദ്ദിഖ് കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കി.

സരിതാ പീഡനക്കേസില്‍ പ്രതിയായ എംഎല്‍എ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ച കോണ്‍ഗ്രസ് നേതൃത്വത്തെയും സര്‍ക്കാരിനെയും നിലപാട് മാറ്റത്തിന് നിര്‍ബന്ധിതമാക്കുന്നതാണ് സിദ്ദിഖിന്റെ ഈ അപ്രതീക്ഷിത നടപടി.

കുടുംബജീവിതത്തിലെ താളപ്പിഴകള്‍ പാര്‍ട്ടിയിലെ എതിരാളികള്‍ തന്നെ ആയുധമാക്കിയതാണ് സിദ്ദിഖിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കാന്‍ നിര്‍ബന്ധിതമാക്കിയത്.

ആദ്യ ഭാര്യ നസീമ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ തനിക്കെതിരെ നല്‍കിയ പരാതി, പാര്‍ട്ടിയിലെ ചിലരുടെ പ്രേരണയിലാണെന്ന സിദ്ദിഖിന്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ പ്രതിരൂപമായി എതിരാളികളെ അടിച്ചിരുത്തുന്ന സിദ്ദിഖിന് കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ സ്വന്തം ഭാര്യയായിരുന്ന നസീമയുടെയും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ കെപിസിസി സെക്രട്ടറി ജയന്തിന്റെയും വാദങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടാണ് ഉണ്ടായത്.

ചാനല്‍ ചര്‍ച്ചകളിലെ മാന്യതയുടെ അതിര്‍ത്തി ഭേദിച്ച് ഈ ചര്‍ച്ചയില്‍ വയനാട് എം.പിയായ എം.ഐ ഷാനവാസും ജയന്തുമാണ് തന്റെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ട് ദ്രോഹിക്കുന്നതെന്നും ഇവര്‍ തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ശ്രമിച്ചെന്നും സിദ്ദിഖ് തുറന്നടിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും മാത്രമല്ല പൊതു സമൂഹത്തേയും ഞെട്ടിച്ചിരുന്നു.

ഈ വാദത്തെ പ്രതിരോധിച്ച് രംഗത്ത് വന്ന ജയന്തും സിദ്ദിഖും മുന്‍ ഭാര്യയുടെ സാന്നിധ്യത്തില്‍ പരസ്പരം ഏറ്റുമുട്ടി. ഇതോടെ പലര്‍ക്കും ടി.വി ഓഫ് ആക്കേണ്ട അവസ്ഥവരെയുണ്ടായി.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നസീമയുമായി വിവാഹ മോചനം നേടിയ സിദ്ദിഖ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
സിദ്ദിഖിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ നസീമ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു.

ഒടുവില്‍ കോഴിക്കോട്ട് മിംസ് ഹോസ്പിറ്റലില്‍ വച്ച് സിദ്ദിഖും സുഹൃത്തുക്കളും തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നസീമ രംഗത്ത് വന്നതോടെയാണ് വിവാദം പരിധിവിട്ട് ക്ലൈമാക്‌സിലെത്തിയത്.

ആശുപത്രി കാന്റീനില്‍ കുട്ടികള്‍ക്കൊപ്പം ഇരുന്ന് സിദ്ദിഖ് ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവിട്ടാണ് സിദ്ദിഖ് അനുകൂലികള്‍ ഈ ആരോപണത്തെ പ്രതിരോധിച്ചത്.

എന്നാല്‍ സിദ്ദിഖിനെതിരെ നസീമ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റുകള്‍ക്ക് കെപിസിസി സെക്രട്ടറി ജയന്ത് ലൈക്ക് അടിച്ചത് കാര്യങ്ങള്‍ വീണ്ടും വഷളാക്കി.

ഇതേ തുടര്‍ന്ന് വയനാട് എം.പി ഷാനവാസും ജയന്തും ചേര്‍ന്ന് തന്റെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ട് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖും ഫേസ്ബുക്കിലൂടെ തിരിച്ചടിക്കുകയായിരുന്നു.

വിവാദം കത്തിയതോടെ കോണ്‍ഗ്രസിനും സര്‍ക്കാരിനും സംഭവം നാണക്കേടായി. ഉന്നത നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കാന്‍ സിദ്ദിഖ് തീരുമാനിച്ചത്.

സോളാര്‍ കേസിലെ പ്രതി സരിതാ നായരെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ കണ്ണൂര്‍ എംഎല്‍എയും ഐ ഗ്രൂപ്പ് നേതാവുമായ എ.പി അബദുള്ളക്കുട്ടിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത കെപിസിസിയെ വെട്ടിലാക്കുന്നതാണ് സിദ്ദിഖിന്റെ നടപടി.

കുടുംബ പ്രശ്‌നത്തേക്കാള്‍ അതീവ ഗൗരവമായ കുറ്റകൃത്യം ആരോപിക്കപ്പെട്ട് കേസില്‍ പ്രതിയായ അബ്ദുള്ളക്കുട്ടി ഇപ്പോഴും പാര്‍ട്ടി എംഎല്‍എയായും നേതാവായും തുടരുന്ന സാഹചര്യത്തില്‍ സിദ്ദിഖിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ ഇനി കെപിസിസിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും.

രാഷ്ട്രീയ മാന്യത മുന്‍നിര്‍ത്തി കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച സിദ്ദിഖിനെ വേരോടെ പിഴുതെറിയാനുള്ള ചില ഐ വിഭാഗം നേതാക്കളുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വരുമെന്ന സൂചനയാണ് എ വിഭാഗം നല്‍കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ദിഖിന്റെ സാധ്യതകളെ തല്ലിക്കെടുത്താനാണ് കുടുംബ പ്രശ്‌നം വികൃതമാക്കിയ നടപടിക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം. മലബാറിലെ പ്രധാന നേതാവായി മുസ്ലീം സമുദായത്തില്‍ നിന്ന് സിദ്ദിഖ് ഉയര്‍ന്നുവരുന്നതിനെ അതേ സമുദായത്തിലെ തന്നെ ചില നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുടുംബ പ്രശ്‌നത്തിന് കാരണമായ ‘വസ്തുതയും’ ഷാനവാസിന്റെയും ജയന്തിന്റെയും ഇടപെടലുകളുടെ തെളിവുകളും ഉടന്‍ തന്നെ പാര്‍ട്ടിക്കും പൊലീസിനും കൈമാറാനാണ് സിദ്ദിഖിന്റെ നീക്കം.

ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്നും എത്രയുംപെട്ടെന്ന് പാര്‍ട്ടി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നുമാണ് സിദ്ദിഖ് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Top