അബ്ദുറഹ്മാൻ രണ്ടത്താണിക്കെതിരെ വനിതാ കമ്മീഷൻ

തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയുടെ വിവാദ പ്രസംഗത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരായി അബ്ദുറഹിമാൻ രണ്ടത്താണിയുടെ വാക്കുകൾ അപഹാസ്യവും തികച്ചും വികലമായ കാഴ്ചപ്പാടാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

‘കുട്ടികൾക്ക് തുല്യ നീതി കൊടുക്കുന്നതിന് ആവശ്യമായിട്ടുളള ചർച്ചകൾ നടന്ന് വരുന്നതേയുളളു. ഇതിനിടയിൽ ഒരു വിദ്വാൻ പറഞ്ഞത് വലിയ അപകടമാണ്. വളരെ അപഹാസ്യവും തികച്ചും വികലമായും ഇത്തരം വിഷയങ്ങളെ നോക്കി കാണുന്ന പ്രവണതയാണ് സാംസ്കാരിക കേരളം എന്ന് അഭിമാനിക്കുന്ന ഈ കേരളത്തിലുളളത്. എത്രത്തോളം വികലമായിട്ടുളള ചർച്ചകളാണ് ഈ കേരളത്തിൽ നടക്കുന്നതെന്ന് നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്,’ പി സതീദേവി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ വിവാദ പ്രസ്താവന. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെയാണ് രണ്ടത്താണി രംഗത്തെത്തിയത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയും സംബന്ധിച്ച വിഷയങ്ങൾ പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്‌കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.

‘ഭരണഘടന അത് മാത്രമല്ല പറയുന്നത്. ഭരണഘടന ഓരോ വ്യക്തിയുടേയും വിശ്വാസം സംരക്ഷിക്കാൻ കൂടി പറയുന്നുണ്ട്. മതപരമായ വിശ്വാസം കൊണ്ട് പോലും ചിലർക്ക് അത് എതിർക്കപ്പെടേണ്ടി വരും. അത് തെറ്റാണെന്ന് പറയേണ്ടി വരും. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്’. കണ്ണൂർ സിവിൽ സ്റ്റേഷന് മുന്നിൽ വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം.

 

Top