അഫ്ഗാനില്‍ വിശാല സൈനിക നടപടിക്ക് ഒബാമയുടെ അനുമതി

വാഷിങ്ടണ്‍: അഫ്ഗാനില്‍ വിശാല സൈനികദൗത്യത്തിന് അനുമതി നല്‍കുന്ന രഹസ്യഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചെന്ന് റിപോര്‍ട്ട്. അഫ്ഗാനില്‍ നേരത്തേ പദ്ധതിയിട്ടിരുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യത്തിന് അനുമതി നല്‍കുന്നതാണ് ഉത്തരവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ഉത്തരവുപ്രകാരം അടുത്ത വര്‍ഷം താലിബാനെതിരായ ആക്രമണങ്ങളില്‍ അമേരിക്കന്‍ സൈന്യം നേരിട്ടു പങ്കാളികളാവും. യു.എസ്. സൈന്യത്തിന്റെ ഉത്തരവാദിത്തം അഫ്ഗാന്‍ സൈന്യത്തിന് പരിശീലനവും ഉപദേശവും നല്‍കുക മാത്രമായിരിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. 9800 അമേരിക്കന്‍ സൈനികരെയാണ് അഫ്ഗാനില്‍ നിലനിര്‍ത്തുന്നത്. ഇവര്‍ താലിബാനെതിരായ ആക്രമണങ്ങളില്‍ പങ്കാളികളാവില്ലെന്ന് ഒബാമ കഴിഞ്ഞ മെയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് പഴയ തീരുമാനം ഒബാമ മാറ്റിയതെന്ന്് റിപോര്‍ട്ടില്‍ പറയുന്നു.

പുതിയ ഉത്തരവുപ്രകാരം അഫ്ഗാന്‍ ഭരണകൂടത്തിനും അമേരിക്കന്‍ സൈന്യത്തിനും ഭീഷണിയായ താലിബാനും മറ്റു സായുധസംഘങ്ങള്‍ക്കുമെതിരേ ആക്രമണം നടത്താന്‍ 2015ലും യു.എസ്. സൈനികരുണ്ടാവും. താലിബാനെതിരേ വ്യോമാക്രമണം നടത്താനും യു.എസ്. സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ അഫ്ഗാനില്‍ അമേരിക്ക വിന്യസിക്കുമോ എന്ന കാര്യം റിപോര്‍ട്ടിലില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ ഏറെ നേരം ചര്‍ച്ച ചെയ്ത ശേഷമാണ് സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ഒബാമ തീരുമാനിച്ചത്.

Top