അപകടമേഖലകള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനറോഡുകളിലെ സ്ഥിരം അപകടമേഖലകള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലെ 3,117 അപകട കേന്ദ്രങ്ങളെ ഗൂഗിള്‍ മാപ്പ് വഴിയാണ് തിരിച്ചറിയാന്‍ സാധിക്കുക. വിശദമായ പംനം നടത്തിയതിനുശേഷമാണ് എംവിഡി ഈ സംവിധാനം ഒരുക്കുന്നത്.

ഏറ്റവും കൂടുതല്‍ അപകടം നടന്ന സ്ഥലങ്ങള്‍( ഹൈ റിസ്‌ക്ക്), മാസത്തില്‍ പത്തില്‍ കുറയാത്ത അപകടങ്ങള്‍ നടക്കുന്ന ഇടങ്ങള്‍( മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങള്‍ നടന്ന ഇടങ്ങള്‍ (ലോ റിസ്‌ക്ക്) എന്നിവയെ കേന്ദ്രീകരിച്ചാണ് മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. അപകടങ്ങളുടെ തോതനുസരിച്ച് മൂന്ന് ക്ലസ്റ്ററുകളാക്കി മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ നല്‍കിയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

1.01 ലക്ഷം അപകടങ്ങളും 10,734 പേര്‍ മരിച്ചതുമായ അപകടകേന്ദ്രങ്ങളെ നിരീക്ഷിച്ചതിനു ശേഷമാണ് മാപ്പില്‍ അപകടമേഖലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം പാലക്കാട് ജില്ലയിലായിരുന്നു. ജില്ലയിലെ അപകട കേന്ദ്രങ്ങളെ മാപ്പില്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ മാപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു തുടര്‍ച്ചയായാണ് സംസ്ഥാനത്തെ തന്നെ എല്ലാ അപകടകേന്ദ്രങ്ങളേയും ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കുന്നത്. മാപ്പില്‍ ദേശീയ സംസഥാന പാതകള്‍, പ്രധാന ജില്ല റോഡുകളിലേയും, മറ്റു റോഡുകളിലെ അപകട മേഖലകളും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top