അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവം; ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച കേസില്‍ ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ റദ്ദാക്കി. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെതാണ് നടപടി. ഇതേ കേസില്‍ തന്നെ കേരളത്തിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡിലെ കേസ് റദ്ദ് ചെയ്തിരിക്കുന്നത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിരുന്ന എഫ്‌ഐആറാണ് റദ്ദാക്കിയത്.

ജാര്‍ഖണ്ഡില്‍ നിന്നും 600 ഓളം കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെന്നും സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ പലതും അംഗീകാരമില്ലാത്തതാണെന്നും അമിക്കസ്‌ക്യൂറി അപര്‍ണ ഭട്ട് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടിക്കടത്ത് ഗൗരവമായ വിഷയമായി കണ്ട് കോടതി ഇടപെടണമെന്നും അമിക്കസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണം വേണമെന്നും മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളിലെ രേഖകള്‍ വ്യാജമാണെന്നും അമിക്കസ് ക്യുറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

Top