അന്ന് രാജീവ് ഗാന്ധി ഇന്നു രാഹുല്‍; രഹസ്യം ചോര്‍ത്തലിന്റെ രാഷ്ട്രീയം ആവര്‍ത്തിക്കുന്നു

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിയോഗികളുടെ രഹസ്യങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികളെയും പോലീസിനെയും ഉപയോഗിച്ചു ചോര്‍ത്തുന്ന രാഷട്രീയം ആവര്‍ത്തിക്കുന്നു. 1991 ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വസതിക്കുമുന്നില്‍ പോലീസിനെ നിയോഗിച്ചും ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരുന്നു.

അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ രാജീവിന്റെ നീക്കങ്ങള്‍ മനസിലാക്കാന്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ തന്നെ നിലംപൊത്തി. കോണ്‍ഗ്രസിന്റെ പിന്തുണയില്‍ ഭരിച്ച ചന്ദ്രശേഖര്‍ രാജീവ്ഗാന്ധിയുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയാനാണ് രഹസ്യപോലീസിനെ നിയോഗിച്ചത്. ഇതോടെ ഏഴു മാസം മാത്രം പ്രധാനമന്ത്രിയായ ചന്ദ്രശേഖറിന് 1991 മാര്‍ച്ച് ആറിന് രാജിവെച്ച് ഒഴിയേണ്ടി വന്നു.

ഇപ്പോള്‍ രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി അന്വേഷിച്ചതാണ് വിവാദമായിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നരേന്ദ്രമോഡി രാഷ്ട്രീയ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തിരക്കി ഡല്‍ഹി പോലീസിലെ എ.എസ്.ഐ രാഹുലിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ ചുറ്റിക്കറങ്ങുന്നതുകണ്ട് സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്.

എന്നാല്‍ രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ച സാധാരണ പരിശോധന മാത്രമാണിതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് വിദേശത്തു കഴിയുന്ന രാഹുല്‍ ഈ മാസം അവസാനത്തോടെയേ മടങ്ങിയെത്തൂ.

നേരത്തെ യുവതിയെയും ജഡ്ജിമാരെയും പത്രപ്രവര്‍ത്തകരെയും നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഗുജറാത്തില്‍ നരേന്ദ്രമോഡി പോലീസിനെ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രാഹുലിനെതിരെയുള്ള ചാരപ്രവൃത്തി എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. തെരഞ്ഞെടുപ്പിലെ വിജയസാധ്യതയും മറ്റും പ്രധാനമന്ത്രിയുടെ ഓഫീസ് ഐ.ബിയോട് ആവശ്യപ്പെടുന്നത് പതിവാണ്.

ഇപ്പോള്‍ ഐ.ബിയുടെ സ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസാണ് വിവാദ കുരുക്കില്‍ പെട്ടിരിക്കുന്നത്.

Top