അന്ന് എം.വി രാഘവന്‍ ഇന്ന് കെ.എം മാണി; തോക്കിനും ചങ്കൂറ്റത്തിനുമിടയില്‍ തലസ്ഥാനം

തിരുവനന്തപുരം: 1994 നവംബര്‍ 25-ന്റെ തനിയാവര്‍ത്തനത്തിന് വഴിമരുന്നിട്ട് തലസ്ഥാനനഗരി.

99-ല്‍ അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവന്‍ പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് സമരത്തിലേര്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം വകവയ്ക്കാതെ പോയതാണ് കൂത്ത്പറമ്പ് വെടിവയ്പിനും തുടര്‍ന്ന് 5പേരുടെ മരണത്തിനും ഇടയാക്കിയിരുന്നത്.

20 വര്‍ഷം മുന്‍പ് നടന്ന ആ വെടിവയ്പിന്റെ നടുക്കുന്ന ഓര്‍മകളാണ് ഇപ്പോള്‍ തലസ്ഥാനത്ത് സജീവമാകുന്നത്. ബദ്ധവൈരികളായ സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് ഇറങ്ങിച്ചെന്ന എം.വി രാഘവനോട് കെ.എം മാണിയെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും സംഘര്‍ഷഭരിതമായ സാഹചര്യം ഇരുവരും സൃഷ്ടിക്കുന്നത് ഒരുപോലെയാണെന്നത് യാഥാര്‍ത്ഥ്യമാണ്.

പൊലീസിന്റെ വിലക്ക് ലംഘിച്ച് എം.വി രാഘവന്‍ പോയതാണ് കൂത്ത് പറമ്പിലെ സംഘര്‍ഷത്തിന് വഴിമരുന്നിട്ടതെങ്കില്‍ അതിന് സമാനമായ രീതി തന്നെയാണ് തലസ്ഥാനത്തും ഇപ്പോള്‍ നടക്കുന്നത്.

എന്ത് പ്രശ്‌നമുണ്ടായാലും താന്‍ നാളെ നിയമസഭയ്ക്കുള്ളിലെത്തി ബജറ്റ് അവതരിപ്പിക്കുമെന്ന വാശിയിലാണ് കെ.എം മാണി. പ്രതിഷേധക്കാരെ പൊലീസാണ് നേരിടേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇനി അവസാന നിമിഷം മറ്റ് ‘പോംവഴികള്‍’ തേടി മാണി നിയമസഭയ്ക്കുള്ളില്‍ കടന്നാലും പ്രതിഷേധക്കാര്‍ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പും പൊലീസ് ഇതിനകം നല്‍കിയിട്ടുണ്ട്.

സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ യുവമോര്‍ച്ച പ്രവര്‍ത്തകരും മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സംഘടിക്കുന്നത് തലസ്ഥാനത്തെ യുദ്ധക്കളമാക്കുമെന്ന സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിച്ചിട്ടുള്ളത്.

സംഘര്‍ഷ ഭരിതമായ അന്തരീക്ഷം ഒഴിവാക്കാന്‍ മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തല്‍ക്കാലത്തേക്കെങ്കിലും മാറി നില്‍ക്കണമെന്ന ആവശ്യം ഭരണ മുന്നണിക്കുള്ളില്‍ തന്നെയുണ്ടെങ്കിലും മാണി വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് സ്ഥിതി വഷളാക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന നിര്‍ദേശമാണ് മാണി തള്ളിക്കളഞ്ഞിട്ടുള്ളത്.

ഇനി തലസ്ഥാനത്ത് എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മാണിക്കാണെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമം നേരിടാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെയും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന്റെയും നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സാമൂഹ്യ വിരുദ്ധര്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറി പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പൊലീസ് ഇതിനകം നല്‍കിയിട്ടുണ്ട്.

സമീപ ജില്ലകളില്‍ നിന്നടക്കം സായുധ പൊലീസിനെ തലസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുണ്ടെങ്കിലും സമരക്കാരെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്.

രക്തചൊരിച്ചില്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നല്‍കിയിട്ടുള്ളതെങ്കിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ കൈവിട്ടുപോകുമെന്ന നിലപാടിലാണ് പൊലീസ്. സമരക്കാര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായാല്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെടാനുള്ളസാധ്യതയാണ് പൊലീസ് കാണുന്നത്.

അതേസമയം നിയമസഭക്കകത്ത് വച്ച് മാണിയെ തടയാന്‍ ശ്രമിക്കുന്ന എം.എല്‍എമാര്‍ക്കെതിരെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന സൂചന പ്രതിപക്ഷം ഇതിനകം നല്‍കിയിട്ടുണ്ട്.

Top