അനുഷ്‌കയെ പിന്തുണച്ച് അസിനും സുസ്മിതയും

അനുഷ്‌ക ശര്‍മയ്ക്ക് ഇപ്പോള്‍ ട്വിറ്ററും ഫെയ്‌സ്ബുക്കുമൊക്കെ തുറക്കാന്‍ പേടിയാണ്. ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റതോടെ സോഷ്യല്‍ മീഡിയകളിലെല്ലാം അനുഷ്‌കയ്ക്ക് തെറിവിളിയാണ്. കാമുകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ്‌ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുടെ കളികാണാന്‍ സിഡ്‌നിയില്‍ അനുഷ്‌ക എത്തിയിരുന്നു.

ഇന്ത്യ കളി തോല്‍ക്കുകയും വിരാട് ഒരു റണ്‍സിന് പുറത്താവുകയും ചെയ്തതോടെ ആരാധകരുടെ ദേഷ്യം മുഴുവന്‍ അനുഷ്‌കയോടായി. ഇരുവരെയും കളിയാക്കി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യേക്ഷപ്പെട്ടത്. അനുഷ്‌ക കളി കാണാന്‍ വന്നതുകൊണ്ടാണത്രെ കോഹ്ലി മോശമായി കളിച്ചതും ഇന്ത്യ തോറ്റതുമെന്നു വരെയായി ചിലര്‍.

എന്നാല്‍ ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ അനുഷ്‌കയ്ക്കു വേണ്ടി രംഗത്ത് എത്തിയിരിക്കുന്നു. അസിനും സുസ്മിത സെന്നുമാണ് അനുഷ്‌കയെ പിന്തുണയ്ക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇവര്‍ സുഹൃത്തിന് പിന്തുണ അറിയിച്ചത്. പരിഹസിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അനുഷ്‌കയെ വെറുതെ വിടണമെന്നും തന്റെ കാമുകനെയും രാജ്യത്തെയും പിന്തുണയ്ക്കാനാണ് അനുഷ്‌ക ഓസ്‌ട്രേലിയയില്‍ പോയതെന്ന് സുസ്മിത ട്വിറ്റില്‍ കുറിച്ചു. അസിനും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.

Top