അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തില്‍ കുഞ്ചോക്കോ ബോബനും റീനു മാത്യൂസും ഒന്നിക്കുന്നു

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലോര്‍ഡ് ലിവിങ്‌സ്റ്റോണ്‍ 7000 കണ്ടിയില്‍ കുഞ്ചോക്കോ ബോബനും റീനു മാത്യൂസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീര്‍ കരമന, സണ്ണി വെയിന്‍, ഭരത്ത്, നെടുമുടിവേണു, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിലിന്റെ മുന്‍ ചിത്രമായ സപ്തമശ്രീ തസ്‌ക്കരാഃയിലെ പോലെ തന്നെ ഈ ചിത്രത്തിലും ഏഴ് കഥാപാത്രങ്ങള്‍ക്കാണ് സംവിധായകന്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പോലെ പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ഫാന്റസി ചിത്രമാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും പുതിയ അവതാരത്തിലാകും പ്രത്യക്ഷപ്പെടുക. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന വിഷയമായിരിക്കും ഇതെന്നും തന്റെ മറ്റ് ചിത്രങ്ങളെ വെല്ലുന്ന ഭംഗി ഈ ചിത്രത്തിന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ചിത്രത്തിന്റെ പേരുകള്‍ ആകാംഷയുളവാക്കുന്നവയാണ്. എന്നാല്‍ അവയൊന്നും മാര്‍ക്കറ്റിംഗ് തന്ത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ ചിത്രങ്ങളുടെ പേരിനും ഒരു അര്‍ത്ഥമുണ്ടാകുമെന്നും അത് ചിത്രത്തിന്റെ പ്രമേയവുമായി അടുത്ത ബന്ധമുള്ളതായിരിക്കുമെന്നും അനില്‍ വ്യക്തമാക്കി. ‘ലോര്‍ഡ് ലിവിങ്‌സ്റ്റോണ്‍ 7000 കണ്ടി എന്നത് ഒരു കഥാപാത്രത്തിന്റെ പേരല്ലെന്നും എന്നാല്‍ ചിത്രത്തിലെ നായകനെ ഉദ്ദേശിച്ച് മാത്രമാണെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്, ഇടുക്കി, പൂനെ, ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് രണ്ടിന് വയനാട്ടില്‍ വച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Top