അനില്‍ രാധാകൃഷ്ണന്റെ ചിത്രത്തില്‍ തമിഴ് യുവതാരം ഭരതും

തമിഴ് യുവതാരം ഭരത് വീണ്ടും മലയാളത്തില്‍. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ലോര്‍ഡ് ലിവിങ്‌സ്റ്റോണ്‍ 7000 കണ്ടി’ എന്ന ചിത്രത്തിലാണ് ഭരത് ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നത്.

സാം എന്ന കഥാപാത്രത്തെയാണ് ഭരത് അവതരിപ്പിക്കുന്നത്. വളരെ വൈകാരികതയുള്ള ഒരു ചെറുപ്പക്കാരനാണ് സാം. തന്റെ ജീവിതം സാഹസികതയ്ക്ക് വേണ്ടിയാണ് അവന്‍ നീക്കി വയ്ക്കുന്നത്. ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണ് സാം ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്നത്.ചിത്രത്തില്‍ തമിഴില്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് ഭരത് പറഞ്ഞു.

മറ്റൊരു സിനിമയ്ക്ക് വേണ്ടി താന്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയിരുന്നെന്നും തന്റെ ഈ ലുക്ക് കണ്ടപ്പോള്‍ ഈ ചിത്രത്തിലേക്കും ആ രൂപം മതിയാകുമെന്ന് സംവിധായകന്‍ പറയുകയായിരുന്നെന്നും ഭരത് പറഞ്ഞു.

അനിലിന്റെ പ്രോജക്ടില്‍ അഭിനയിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് ഭരത് വ്യക്തമാക്കി. ലോര്‍ഡ് ലിവിങ്‌സ്റ്റോണ്‍ 7000 കണ്ടിയുടെ തിരക്കഥ അനില്‍ ഫോണിലൂടെ പറഞ്ഞു തന്നപ്പോള്‍ തനിക്കേറെ ഇഷ്ടപ്പെട്ടു. ഒരു സാധാരണ ഫീച്ചര്‍ സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. വനനശീകരണത്തിനെതിരെയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. അത് വളരെ നല്ല രീതിയില്‍ തിരക്കഥയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ പേരും അവതരണരീതിയും അക്ഷന്‍ രംഗങ്ങളും തുടങ്ങി എല്ലാം തന്നെ വളരെ പ്രത്യേകതയുള്ളതാണ്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ഭരത് മലയാള സിനിമയിലെത്തുന്നത്. പിന്നീട് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറ എന്ന ചിത്രത്തിലാണ് ഭരത് അഭിനയിച്ചത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിനും മറ്റ് യുവ താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഭരത് കൂട്ടിച്ചേര്‍ത്തു. തമിഴില്‍ സിംബ, എന്നോട് വിളയാഡ് എന്നീ രണ്ട് ചിത്രങ്ങളിലാണ് അടുത്തതായി ഭരത് അഭിനയിക്കുക.

Top