അനധികൃത സ്വത്ത് :ജയലളിത കുറ്റക്കാരിയാണെന്ന് ബാംഗ്ലൂര്‍ കോടതി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് ബാംഗ്ലൂര്‍ കോടതി. 18 വര്‍ഷത്തെ വിചാരണക്കൊടുവില്‍ ജഡ്ജി ജോണ്‍ മിഖായേല്‍ ആണ് വിധി പ്രസ്താവിച്ചത്. വിധി വന്നതോടെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തെരുവില്‍ രോഷപ്രകടനം തുടങ്ങി.

ഡിഎംകെ ഓഫീസുകള്‍ക്കും നേതാക്കളുടെ വസതികള്‍ക്കും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം കടകള്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. ദിണ്ഡിഗല്ലില്‍ കടകളടച്ച് ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അക്രമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തമിഴ്‌നാട്ടിലേയ്ക്കുള്ള അന്യസംസ്ഥാന സര്‍വീസുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അതിര്‍ത്തികളില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിധി എതിരായാല്‍ വ്യാപക അക്രമം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Top