അധികാര കേന്ദ്രങ്ങളുടെ മൗനം ഇന്ത്യയില്‍ അക്രമങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുന്നു: സല്‍മാന്‍ റുഷ്ദി

ലണ്ടന്‍: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുന്നതാണ് അധികാര കേന്ദ്രങ്ങളുടെ മൗനമെന്ന് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയോടു സംസാരിക്കവെയാണ് മുംബൈയില്‍ ജനിച്ച് ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന റുഷ്ദി നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സാഹിത്യ അക്കാദമിയും ഉള്‍പ്പെയുടെയുള്ള അധികാര കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ നടന്നുവരുന്ന അക്രമസംഭവങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണ്. ഇതു അസഹിഷ്ണുത സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമാണെന്ന് റുഷ്ദി പറഞ്ഞു.

ഇഷ്ടംപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം, ഒന്നിച്ചുകൂടുന്നതിനുള്ള അവകാശം, സ്വതന്ത്രമായി ഒരു പുസ്തകത്തെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്താന്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അവകാശം തുടങ്ങിയവ ഇന്ത്യയില്‍ ഇന്ന് അപകടകരമായ ഘട്ടത്തിലാണ്. കോണ്‍ഗ്രസ്, ബിജെപി എന്നിങ്ങനെ ഒരു പക്ഷവും പിടിക്കുന്നില്ലെന്നും അറുപത്തെട്ടുകാരനായ റുഷ്ദി പറഞ്ഞു. സാത്താനിക് വേര്‍സസ് എന്ന തന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിച്ചത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴായിരുന്നെന്നും റുഷ്ദി ഓര്‍മിപ്പിച്ചു.

മോഡി വളരെയധികം സംസാരിക്കുന്നയാളാണ്. നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും. പക്ഷേ, ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് നല്ലതായിരിക്കും, റുഷ്ദി വ്യക്തമാക്കി.

സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കിയ നയന്‍താര സെഗാള്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരെ പിന്തുണയ്ക്കുന്നതായും അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായും റുഷ്ദി പറഞ്ഞു. പിന്തുണയറിയിച്ച് ട്വീറ്റര്‍ സന്ദേശം അയച്ച തനിക്ക് 10,000ല്‍ പരം വിദ്വേഷ ട്വീറ്റുകളാണ് ലഭിച്ചത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ആളുകള്‍ക്ക് ഒരു കാര്യം ഇഷ്ടമല്ലെങ്കില്‍ അത് അവരുടെ പ്രശ്‌നമാണെന്നും ചോദ്യത്തിന് മറുപടിയായി റുഷ്ദി കൂട്ടിച്ചേര്‍ത്തു.

Top