അധികാരത്തിലെത്തിയ ശേഷം എഎപി വിഐപികളുടെ പാര്‍ട്ടിയായെന്ന്‌ അജയ് മാക്കന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിഐപികളുടെയും വിവിഐപികളുടെയും പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. തല്‍കട്ടോര സ്‌റ്റേഡിയത്തിനു സമീപത്തുകൂടെ കടന്നുപോയപ്പോള്‍ കണ്ട ചിത്രത്തില്‍ നിന്നും എങ്ങനെയാണ് എഎപി വിഐപി പാര്‍ട്ടിയായതെന്നു മനസിലാകുമെന്നും അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ തല്‍കട്ടോര സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈന്‍ നമ്പറായ 1031ന്റെ പ്രവര്‍ത്തനം ആപ്പ് പുനരാരംഭിച്ചിരുന്നു. ഇതിനായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനു വിഐപി, വിവിഐപി പാര്‍ക്കിങ് പരസ്യങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മാക്കന്റെ ട്വീറ്റ്. തല്‍കട്ടോര സ്‌റ്റേഡിയത്തിനു മുന്നില്‍ നിന്നുള്ള ചിത്രവും മാക്കന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വിഐപി, വിവിഐപി പരസ്യങ്ങള്‍ സ്ഥാപിച്ചതിനെ ന്യായീകരിച്ച് എഎപി നേതാവ് ആദര്‍ശ് ശാസ്ത്രി രംഗത്തെത്തി. വിഐപി സംസ്‌കാരം ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ചില കാര്യങ്ങള്‍ അനിവാര്യമാണെന്നും ശാസ്ത്രി പറഞ്ഞു. വിഐപി സംസ്‌കാരം അവസാനിപ്പിച്ചത് ഞങ്ങളാണ്, എഎപിയുടെ ചടങ്ങില്‍ സാധാരണക്കാരും വിവിഐപിയും തമ്മില്‍ ഒരു വ്യത്യാസമില്ലെന്നും എഎപി നേതാവ് ദിലീപ് പാന്‍ഡെയും പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാര്‍ട്ടി എംഎല്‍എമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് വിവിഐപി പാര്‍ക്കിങ് സൗകര്യം വിനിയോഗിച്ചത്.

Top