അത്‌ലറ്റികോ വീണ്ടും വിജയവഴിയില്‍

കൊല്‍ക്കത്ത: ഐ.എസ്.എല്ലി ല്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കു ജയം. സ്വന്തം മൈതാനമായ സാള്‍ട്ട് ലേക്കില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കൊല്‍ക്കത്ത എതിരില്ലാത്ത ഒരു ഗോളിനു മുട്ടുകുത്തിക്കുകയായിരുന്നു. 51ാം മിനിറ്റില്‍ മുന്‍ സ്പാനിഷ് താരം ലൂയിസ് ഗാര്‍ഷ്യയുടെ വകയായിരുന്നു അത്‌ലറ്റികോയുടെ വിജയഗോള്‍. ഇടതുവിങില്‍ നിന്ന് ജോഫ്രെ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ഗോളിക്ക് ഒരു പഴുതും നല്‍കാതെ ഗാര്‍ഷ്യ ഹെഡ്ഡറിലൂടെ വലയിലേക്കു തൊടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം ഗോളാണിത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അത്‌ലറ്റികോ തനിച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്തി. കളിക്കു മുമ്പ് ചെന്നൈയ് ന്‍ എഫ്.സിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു അവര്‍.

ഒമ്പതു മല്‍സരങ്ങളില്‍ നിന്ന് നാലു വീതം ജയവും സമനിലയും ഒരു തോല്‍വിയുമടക്കം 16 പോയിന്റാണ് അത്‌ലറ്റികോയുടെ സമ്പാദ്യം. ഒരു മല്‍സരം കുറച്ചുകളിച്ച ചെന്നൈ മൂന്നു പോയിന്റ് പിന്നിലായി രണ്ടാമതുണ്ട്. ഇന്നു ജയിച്ചാല്‍ വീണ്ടും അത്‌ലറ്റികോയ്‌ക്കൊപ്പമെത്താ ന്‍ ചെന്നൈക്കാവും.

Top