അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; വെടിവെപ്പില്‍ രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു

ജമ്മു: സാംബ മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം ശക്തമാക്കി. ഞായറാഴ്ച രാത്രി മുഴുവന്‍ അതിര്‍ത്തി രക്ഷാ സേനയുടെ 30 പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച നടത്തിയ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടിരുന്നു. അന്നുരാത്രി മുഴുവന്‍ ബി.എസ്.എഫിന്റെ ഒമ്പതുപോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തി. ശനിയാഴ്ച രാത്രിമുഴുന്‍ 14 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരേയാണ് ആക്രമണം നടത്തിയത്.

രണ്ടുദിവസവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം വകവെക്കാതെയാണ് പാകിസ്താന്‍ ഞായറാഴ്ച രാത്രി വെടിവെപ്പ് രൂക്ഷമാക്കിയത്. ഇന്ത്യന്‍ സേന തിരിച്ചടിച്ചു.

സാബയുടെ അടുത്ത പ്രദേശങ്ങളായി ഹിരാനഗര്‍, കത്തുവ, രാംഗഡ് മേഖലകളിലേക്കും പാക് പട്ടാളം ആക്രമണം വ്യാപിച്ചിട്ടുണ്ട്. ഇതോടെ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

Top