അണ്ണാ ഹസാരെയും ആം ആദ്മിയിലേക്ക്… കെജ്‌രിവാളുമൊത്ത് ഇനി പുതിയ പോര്‍മുഖം

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ സമരം ചെയ്ത അണ്ണാ ഹസാരെയോടൊപ്പം അരവിന്ദ് കെജ് രിവാള്‍ വേദി പങ്കിട്ടത് നല്‍കുന്നത് ശുഭസൂചന. ഇതോടെ ഹസാരെയും ആം ആദ്മിയില്‍ ചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അണ്ണാ ഹസാരെ ഇതിനുള്ള സൂചന നല്‍കിയതായാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം സമരപന്തലില്‍ എത്തിയ അരവിന്ദ് കെജ്‌രിവാള്‍ അണ്ണാ ഹസാരെയുടെ കാല്‍ തൊട്ട് വണങ്ങിയിരുന്നു. അണ്ണാ ഹസാരെ എന്റെ ഗുരുവും അച്ഛനുമാണെന്ന് പറഞ്ഞ കെജ് രിവാള്‍ അണ്ണാ ഹസാരെയുടെ സമരം കേന്ദ്രത്തിനെതിരെ അത്യാവശ്യമാണെന്നും പറഞ്ഞിരുന്നു.

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിനുസമീപം ജന്തര്‍മന്ദറില്‍ അണ്ണാ ഹസാരെ രണ്ടു ദിവസമായിരുന്നു സമരം നടത്തിയിരുന്നത്.
സമരത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും ഏതെങ്കിലും മുഖ്യമന്ത്രിമാര്‍ വന്ന് സമരത്തിന് പിന്തുണ അറിയിക്കുകയാണെങ്കില്‍ അവര്‍ക്ക് സ്റ്റേജില്‍ കയറി സമരം നടത്താമെന്നും അണ്ണാ ഹസാരെ പറഞ്ഞത് അരവിന്ദ് കെജ്‌രിവാളിനെ ഉദ്ദേശിച്ചായിരുന്നു എന്ന കാര്യം വ്യക്തമാണ്. എംഡിഎംകെ നേതാവ് വൈക്കോയും അണ്ണാ ഹസാരയെ സമരപന്തലില്‍ എത്തി കണ്ടിരുന്നു.

2011 ല്‍ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ അലയൊലികള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്നു. അന്ന് ഇന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഹസാരെയോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ 2012ല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ് രിവാളിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.

Top