ഹസാരയെ ‘കൊന്നതില്‍’ പ്രതിഷേധം: ബിജെപി മാപ്പ് പറയണമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ പരസ്യത്തില്‍ അണ്ണാ ഹസാരയെ ‘കൊന്നതില്‍’ വ്യാപക പ്രതിഷേധം. വിഷയത്തില്‍ ബിജെപി മാപ്പുപറയണമെന്ന ആവശ്യവുമായി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹസാരയുടെ ഫോട്ടോ ഭിത്തിയില്‍ തൂക്കി പൂമാല ഇട്ടിരിക്കുന്നതായാണ് തിരഞ്ഞെടുപ്പ് പരസ്യത്തില്‍ കാണുന്നത്.

2013 ലെ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം തേടിയതില്‍ അരവിന്ദ് കെജ് രിവാളിനെയും പരിഹസിക്കുന്നുണ്ട്. തന്റെ ഉപദേഷ്ടാവായ അണ്ണാ ഹസാരെയുടെ നിലപാടുകളില്‍ നിന്ന് എതിരായ നിലപാടുകളാണ് കെജരിവാള്‍ സ്വീകരിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തുന്നുണ്ട്.

ട്വിറ്ററിലൂടെയാണ് കെജ് രിവാള്‍ പ്രതിഷേധിച്ചത്. ‘നാഥൂറാം ഗോഡ്‌സെ ഇതേ ദിവസമാണ് മഹാത്മാ ഗാന്ധിയെ കൊന്നത്. ബിജെപി അവരുടെ പരസ്യത്തില്‍ അണ്ണാ ഹസാരയെ ഇന്ന് കൊന്നു. ബിജെപി മാപ്പു പറയേണ്ടേ?’ എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അണ്ണാ ഹസാരെയെ മരിച്ചതായി ചിത്രീകരിച്ച സംഭവത്തില്‍ ഹസാരെയുടെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ മുഖ്യ ശത്രുക്കളായ അരവിന്ദ് കെജ് രിവാളിനെ കുറിച്ചും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയെ കുറിച്ചും സംസാരിക്കാന്‍ താല്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ പറഞ്ഞിരുന്നു. എനിക്ക് കിരണ്‍ ബേദിയെയോ അരവിന്ദ് കെജ് രിവാളിനെയോ ആവശ്യമില്ല. പൊതുജനങ്ങള്‍ എന്റെ കൂടെയുണ്ടെന്നും 77 കാരനായ അന്നാ ഹസാരെ പറഞ്ഞിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തിരുന്ന അണ്ണാ ഹസാരെ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തന്റെ പേര് പരാമര്‍ശിക്കുകയോ ചിത്രം വെയ്ക്കുകയോ ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു.

Top