അട്ടിമറി ജയത്തോടെ അയര്‍ലണ്ട്; വെസ്റ്റിന്‍ഡീസിനെ നാലു വിക്കറ്റിന് തകര്‍ത്തു

നെല്‍സണ്‍: അട്ടിമറി ജയത്തോടെ അയര്‍ലണ്ട് ലോകകപ്പ് ക്രിക്കറ്റില്‍ പോരാട്ടം തുടങ്ങി. കരുത്തരായ വെസ്റ്റിന്‍ഡീസിനെ നാലു വിക്കറ്റിന് തകര്‍ത്താണ് അയര്‍ലണ്ട് ജയം നേടിയത്. നിശ്ചിത അമ്പതോവറില്‍ കരീബിയന്‍ പട ഉയര്‍ത്തിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം കളി തീരാന്‍ ഇരുപത്തഞ്ച് പന്തുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ മുപ്പതിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിടയില്‍ രണ്ടാമത്തെ വിക്കറ്റും പോയി. 87 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചാമത്തെ വിക്കറ്റും നഷ്ടമായി തകര്‍ച്ചയിലേക്കു കൂപ്പുകൂത്തുന്നതിനിടെയാണ് രക്ഷകനായി ലിന്‍ഡന്‍ സിമ്മന്‍സ് ക്രീസിലെത്തിയത്. ഡാരന്‍സമ്മിയും കൂട്ടുചേര്‍ന്നതോടെ ഐറിഷ് ബൗളിംഗ് നിരയെ കരിബീയന്‍ പട കശക്കിയെറിയുന്ന കാഴ്ചയാണ് കണ്ടത്. 102 റണ്‍സെടുത്ത സിമ്മന്‍സിന്റെയും 89 റണ്‍സെടുത്ത സമ്മിയുടെയും ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തത്.

വിന്‍ഡീസ് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം കരുതലോടെയാണ് അയര്‍ലണ്ട് പിന്തുടര്‍ന്നത്. ആദ്യവിക്കറ്റില്‍തന്നെ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പോള്‍ സ്‌റ്റെര്‍ലിംഗും എഡ് ജോയ്‌സും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 106 റണ്‍സ് സമ്പാദിച്ചു. സ്‌റ്റെര്‍ലിംഗ് 92 റണ്‍സും ജോയ്‌സ് 84 റണ്‍സുമെടുത്തു. നെയ്ല്‍ ഒബ്രിയന്‍ 79 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ മൂന്നുപേരുടെയും ബാറ്റിംഗ് മികവിലാണ് കരീബിയന്‍ പടയ്ക്കുമേല്‍ ഐറിഷ് ബാറ്റ്‌സ്മാന്‍ വിജയം അട്ടിമറിയായി ആഘോഷിച്ചത്. പോള്‍ സ്‌റ്റെര്‍ലിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

Top