അടുത്ത ലോകകപ്പ് ആര്‍ക്ക്; പ്രവചനവുമായി വിന്‍ഡീസ് ഇതിഹാസം റിച്ചാര്‍ഡ്

കിങ്സ്റ്റണ്‍: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വമ്പന്‍ ടീമുകളെല്ലാം. ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഓരോ പരമ്പരകളും ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഓരോ ടീമും കാണുന്നത്. കപ്പ് നേടാനായി തങ്ങളുടെ താരങ്ങളെയെല്ലാം ഫോമിലെത്തിക്കാന്‍ പെടാപ്പാട് പെടുകയാണ് ഓരോ ടീമും.

ഇപ്പോള്‍ ഇതാ അടുത്ത ലോകകപ്പില്‍ ഏതു ടീമുകള്‍ക്കാണ് കിരീടസാധ്യതയെന്നു പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സ്. കിരീട ഫേവറിറ്റുകളില്‍ ഇന്ത്യയും ഇന്ത്യയുള്‍പ്പെടെ നാലു ടീമുകളാണ് അടുത്ത ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്നു റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നിവരാണ് കിരീടസാധ്യതയുള്ള മറ്റു ടീമുകളെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് മികച്ച ടീമാണ്. എന്നാല്‍ അവസാന നിമിഷം കളി കൈവിടുന്നവരുമാണ് അവര്‍. ഇന്ത്യയും പാക്കിസ്ഥാനും ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ്. ഓസ്‌ട്രേലിയയാണ് മറ്റൊരു മികച്ച ടീം. ഈ നാലു ടീമുകളിലൊന്നായിരിക്കും ലോക ചാംപ്യന്‍മാരാവുകയെന്നും റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് റിച്ചാര്‍ഡ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു. സമീപകാലത്ത് വിന്‍ഡീസിന്റെ പ്രകടനം അത്ര മികച്ചതല്ല. എങ്കിലും അവര്‍ക്കു വീണ്ടും ഉയരങ്ങള്‍ കീഴടക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷ.നിങ്ങള്‍ ആ പ്രത്യേക ദിവസത്തില്‍ എങ്ങനെ കളിക്കുമെന്നതാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിര്‍ണായകമാവുന്നത്. മോശം ദിവസമാണെങ്കില്‍ മോശം ടീം പോലും നിങ്ങളെ തോല്‍പ്പിക്കുമെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ ബ്രയാന്‍ ലാറയെ റിച്ചാര്‍ഡ്‌സ് പുകഴ്ത്തി. ലാറയെപ്പോലൊരു കളിക്കാരനെ തങ്ങള്‍ക്കു ലഭിച്ചത് ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Top