അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ സിനിമയാകുന്നു; ചിത്രമൊരുക്കുന്നത് നവാഗത സംവിധായിക

യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ സിനിമയാകുന്നു. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ നവാഗത അനുഷ പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്നേഷ് വിജയകുമാറാണ് നിര്‍മ്മാതാവ്.

കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്നേഷ് വിജയകുമാറും സംവിധായകനും വെല്‍ത്ത് ഐ സിനിമാസ് ജൂറിചെയര്‍മാന്‍ കൂടിയായ കമലും ചേര്‍ന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തി്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയില്‍ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ, വികെ പ്രകാശിന്റെ കൂടെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രതിവര്‍ഷം മൂന്ന് സിനിമകള്‍ എന്ന ലക്ഷ്യത്തോടെ ലോഞ്ചുചെയ്ത വെല്‍ത്ത്-ഐ സിനിമാസ് സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിര്‍മ്മാതാവ് വിഘ്നേഷ് വിജയകുമാര്‍ പറഞ്ഞു.

Top