ഹ്രസ്വ ചിത്രമായാലും സിനിമ ആയാലും കഥാപാത്രം തൃപ്തിപ്പെടുത്തുന്നതെങ്കില്‍ അഭിനയിക്കും: അപര്‍ണ

ഹ്രസ്വ ചിത്രമായാലും സിനിമ ആയാലും കഥാപാത്രം തന്നെ തൃപ്തിപ്പെടുത്തുന്നത് ആണെങ്കില്‍ അതില്‍ അഭിനയിക്കാന്‍ മടിക്കില്ലെന്ന് അപര്‍ണ പറഞ്ഞു. അടുത്തിടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ’ബേണ്‍ മൈ ബോഡി’ എന്ന ഹ്രസ്വ ചിത്രം കണ്ടവരാരും അപര്‍ണയെ മറക്കുകയുമില്ല. ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ ആര്യന്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ അതില്‍ ആകൃഷ്ടയായെന്നും അപര്‍ണ വെളിപ്പെടുത്തി.

എന്നെ തേടി നിരവധി വേഷങ്ങള്‍ വരുന്നുണ്ട്. മിക്കതും നായികാ വേഷങ്ങള്‍ തന്നെ. എന്നാല്‍, നായികയാവാന്‍ വേണ്ടി അഭിനയിക്കാന്‍ ഞാന്‍ തയ്യാറായല്ല. സിനിമയുടെ തിരക്കഥ എനിക്ക് ബോദ്ധ്യപ്പെടണം. ഒപ്പം പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുകയും വേണം അപര്‍ണ പറയുന്നു.

സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങ എന്ന സിനിമയാണ് അപര്‍ണയുടേതായി ഉടന്‍ പുറത്തിറങ്ങുന്നത്. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് നായികയാവുന്ന സിനിമയില്‍ അതിഥി വേഷമാണ് അപര്‍ണയ്ക്ക്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരാണ് നായകന്മാര്‍.

നവാഗതനായ പ്രകാശ് വദികല്‍ സംവിധാനം ചെയ്യുന്ന താമര എന്ന സിനിമയില്‍ താമര എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അപര്‍ണയാണ്. ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ കഥയാണ് ഈ സിനിമ പറയുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് ഷൂട്ടിംഗ്.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന വന്യം എന്ന സിനിമയിലും അപര്‍ണ നായികയാവുന്നുണ്ട്. ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുടെ വേഷമാണ് അപര്‍ണയ്ക്ക്.

Top