ഹോംലി മീല്‍സും ടമാര്‍ പഠാറും തിയേറ്ററുകളില്‍ എത്തി

‘ജവാന്‍ ഓഫ് വെള്ളിമല’ക്ക് ശേഷം അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഹോംലി മീല്‍സ്’, തിരക്കഥാകൃത്ത് ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘ടമാര്‍ പഠാര്‍’ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളിലത്തെി. വ്യത്യസ്ത അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിപിന്‍ ആറ്റ്‌ലി, ശ്രിന്റ എന്നിവരാണ് ഹോംലി മീല്‍സിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് കെ. ജയന്‍, കൈലാഷ്, നെടുമുടി വേണു, സുധീര്‍ കരമന, രാജേഷ് വര്‍മ, നീരജ് മാധവ്, അന്‍വര്‍, ശിവജി ഗുരുവായൂര്‍, ശശി കലിംഗ, മാസ്റ്റര്‍ ഗൗരവ് മേനോന്‍, സബിത ആനന്ദ്, ശ്രീലത നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നു. നായകനായ വിപിന്‍ ആറ്റ്‌ലി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഗാനരചന, സന്തോഷ് വര്‍മ, സംഗീതം സത്രാജ്.

സാള്‍ട്ട് ആന്‍ പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ടമാര്‍ പഠാര്‍’. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടമാര്‍ പഠാറിന്റെ തിരക്കഥയും ദിലീഷ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. പൗരന്‍ എന്ന പൊലീസ് ഓഫിസറുടെ വേഷത്തിലാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്. ജമ്പര്‍ തമ്പിയായി ബാബുരാജും ക്രോസ് ബെല്‍റ്റ് മണിയായി ചെമ്പന്‍ വിനോദും ടമാര്‍ പഠാറില്‍ എത്തുന്നു. വത്സമ്മ എന്ന കഥാപാത്രത്തെയാണ് ശ്രിന്റ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്നു. ആല്‍ബിയാണ് ക്യാമറ.

Top