ചെന്നൈ: പാപനാശം എന്ന ചിത്രത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് ചലച്ചിത്ര താരം കമലഹാസന്‍ മാപ്പ് പറഞ്ഞു. ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനങ്ങള്‍ ഓടിക്കരുതെന്ന് തന്റെ ആരാധകരോടും കമല്‍ നിര്‍ദേശിച്ചു. സിനിമയുടെ ചിത്രീകരണം വളരെ നേരത്തെ തന്നെ കഴിഞ്ഞതാണ്. അല്ലായിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം.
ഇരുചക്രവാഹന യാത്രികര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഹെല്‍മറ്റ് പ്രശ്‌നം ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെയാണ് ഒരു വര്‍ഷം മുമ്പ് റീലീസ് ചെയ്ത ചിത്രത്തില്‍ താരം ഹെല്‍മറ്റില്ലാതെ കുടുംബവുമൊത്ത് യാത്ര ചെയ്യുന്ന ദൃശ്യം ചര്‍ച്ചയായത്. അതേസമയം ചിത്രത്തിലുളള ഈ പഴയ മോഡല്‍ മോപ്പെഡ് പോലും ഇപ്പോള്‍ നിരത്തുകളിലില്ല.
ഇത് ചര്‍ച്ചയായതോടെയാണ് താരം തന്നെ ആരാധകരെ ബോധ്യപ്പെടുത്താന്‍ നേരിട്ടെത്തിയിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് പോലെ തന്നെയാണ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതെന്നും കമല്‍ പറയുന്നു. ഇത് മനസിലാക്കാനുളള സാമാന്യ ബുദ്ധി ആളുകള്‍ക്കുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


