പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്നു. ഇരുവരും ചേര്‍ന്ന് ഡ്രീംസ് ആന്‍ഡ് ബീയോണ്ട്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന് സു സു സുധി വാത്മീകം എന്നു പേരിട്ടു.
പേരിലെ പുതുമ കൂടാതെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മോഷന്‍ പോസ്റ്ററിലൂടെ ലോഞ്ച് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സു സു സുധി വാത്മീകത്തിനു സ്വന്തം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം 1ന് ആരംഭിക്കും.
സുധീന്ദ്രന്‍ എന്ന ഉറ്റസുഹൃത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഈ സിനിമ ചെയ്യുന്നതെന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞു. സുധീന്ദ്രന്‍ ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നതെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അവിടെ വച്ചു തന്നെയാണെന്ന് അദ്ദേഹം അറിയിച്ചു. സുധി എന്നത് കഥാപാത്രത്തിന്റെ പേരും വാത്മീകം അയാളുടെ വീട്ടു പേരുമാണ്.
ഗ്രാഫിക്‌സ്, ഡിസൈന്‍, സംഗീത വിഭാഗങ്ങളുടെ ഒരു മാസത്തെ പരിശ്രമഫലമാണ് മോഷന്‍ പോസ്റ്ററെന്നും ഡിജിറ്റല്‍ ലോകത്തേക്ക് മാറിയ സമൂഹത്തിന് ഒപ്പം നില്‍ക്കാനാണ് നൂതന ലോഞ്ചിങ് രീതി വഴി താന്‍ ശ്രമിച്ചതെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പികചേഴ്‌സ് ആണ്. പാസഞ്ചര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുമായി മലയാള ചലച്ചിത്രലോകത്ത് എത്തിയ രഞ്ജിത്തിന്റെ ആറാമത്തെ സിനിമയാണ് സു സു സുധി വാത്മീകം.


