ഹൈന്ദവര്‍ ‘ഖാന്‍’ മാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് തുടരുന്നു. ഏറ്റവുമൊടുവില്‍ ബിജെപി നേതാവ് സാധ് വി പ്രചിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ ബോളിവുഡിലെ ഖാന്‍മാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് അവര്‍ പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഖാന്‍മാരുടെ സിനിമകള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന കാരണത്താലാണ് ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞത്.

ഡെറാഡൂണില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഒരു പരിപാടിക്കിടെയാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ താര നിരയാണ് ബോളിവുഡ് സിനിമകള്‍ അടക്കി വാഴുന്നതെന്നിരിക്കേ, ഇവരുടെ സിനിമകള്‍ ഹിന്ദുക്കള്‍ കാണരുതെന്ന പ്രസ്താവന ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നേരത്തേ വാര്‍ത്തകള്‍ വന്നതു പോലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നും സാധ്വി പ്രചി പറഞ്ഞു.

സാധ്വി പ്രചി വിവാദ പ്രസ്താവന നടത്തുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തേ, ഹിന്ദു സ്ത്രീകള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന അവരുടെ പ്രസ്താവനയും വന്‍ വിവാദമായിരുന്നു. ഒരു കുട്ടി അതിര്‍ത്തി സംരക്ഷിക്കാനും ഒരെണ്ണം സമൂഹത്തെ സേവിക്കാനും ഒരാളെ അത്മീയമേഖലയിലേക്കും ഒരാളെ വിശ്വ ഹിന്ദു പരിഷത്തിലേക്കും അയക്കാനുമാണ് നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്. പ്രസ്താവന വിവാദമായതോടെ രാജ്യത്തിന് ഇത് ആവശ്യമായതിനാലാണ് ഇങ്ങനെ പറഞ്ഞതെന്ന് അവര്‍ തിരുത്തിയിരുന്നു.

Top