ഹാര്‍ലി ഡേവിഡ്‌സണ്‍ രണ്ടു പുതിയ വാഹനങ്ങള്‍ കൂടി എത്തിക്കുന്നു

ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ രണ്ടു പുതിയ വാഹനങ്ങള്‍ കൂടി എത്തിക്കുന്നു. സിവിഒ ലിമിറ്റഡ്, ബ്രേക്ക് ഔട്ട് എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഈ മാസം മുപ്പതിന് വിപണിയിലെത്തുന്നത്.

ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് രീതിയിലും പരിഷ്‌കരിക്കാവുന്ന കസ്റ്റം വെഹിക്കിള്‍ ഓപ്പറേഷന്‍സ് സീരീസിലേയ്ക്കാണ് സിവിഒ ലിമിറ്റഡ് എത്തുന്നത്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സുള്ള ട്വിന്‍ ക്യാം 110, 1800 സിസി വി ട്വിന്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 156 എന്‍എം ടോര്‍ക്കാണ് ഈ എഞ്ചിന്‍ ഉല്‍പാദിപ്പിക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയായിരിയ്ക്കും ഇതിന്റെ എക്‌സ്‌ഷോറൂം വില.

ആഡംബരത്തില്‍ ഒട്ടും കുറവ് വരുത്താതെ നിരവധി പുത്തന്‍ സവിശേഷതകളാണ് വാഹനത്തെ ആകര്‍ഷണീയമാക്കുന്നത്. ബ്രെംബോ ബ്രേക്ക്‌സ്, റിഫ്‌ളെക്‌സ് ലിങ്ക്ഡ് ബ്രേക്ക്‌സ് വിത്ത് എബിഎസ്, ക്രോം ഡ്യുവല്‍ എക്‌സോസ്റ്റ്, എല്‍ഇഡി റിയര്‍ ഫേസിങ്ങ് ബ്രേക്ക് ലൈറ്റ്‌സ്, ബുള്ളറ്റ് ടേണ്‍ സിഗ്‌നല്‍സ്, ഹെഡ് കൗള്‍ വിത്ത് വൈസര്‍, നീക്കം ചെയ്യാവുന്ന ട്രാവല്‍ ബാഗ് എന്നിവയാണ് സിവിഒ ലിമിറ്റഡിന്റെ സവിശേഷതകള്‍. ദൂരയാത്രയ്ക്കായി ബാക്ക്‌റെസ്റ്റും ആം റെസ്റ്റും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

സോഫ്റ്റ് ടെയ്ല്‍ ക്രൂസര്‍ ശ്രേണിയിലേയ്ക്കാണ് ബ്രേക്ക്ഔട്ട് എത്തുന്നത്. ഫാറ്റ്‌ബോയ്, ഹെറിറ്റേജ് സോഫ്റ്റ്‌ടെയില്‍സ് എന്നിവ ഉള്‍പ്പെട്ട സോഫ്റ്റ് ടെയില്‍ ക്രൂസര്‍ ശ്രേണിയുടെ പ്രധാന പ്രത്യേകത പിന്‍ഷോക്ക് അബ്‌സോര്‍ബര്‍ പൂര്‍ണമായും മറച്ചിരിക്കുന്നു എന്നതാണ്. 1700സിസി എയര്‍ കൂള്‍ഡ് , ട്വിന്‍ കാം 103 ബി എഞ്ചിനാണ് ബ്രേക്ക് ഔട്ടിനെ കരുത്തനാക്കുന്നത്. 130എന്‍എം ടോര്‍ക്കാണ് എഞ്ചിന്‍ ഇല്‍പാദിപ്പിക്കുന്നത്. ഡബിള്‍ എക്‌സോസ്റ്റ്, കറുത്ത അലോയ് വീലുകള്‍ എന്നിവയാണ് ബ്രേക്ക് ഔട്ടിന്റെ പ്രത്യേകതകള്‍.

Top