21 കാരന്‍ ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തിലെ കെജ്‌രിവാളാകുമോ?നെഞ്ചിടിപ്പോടെ മോഡി

അഹമ്മദാബാദ്: ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തെ നയിക്കുന്ന ഇരുപത്തിഒന്ന് വയസുകാരനായ ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തിലെ കെജ്‌രിവാളാകുമോ എന്ന ആശങ്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.

ഗുജറാത്തിലെങ്ങും തീപ്പൊരിയായി പടരുന്ന ഹാര്‍ദ്ദിക് ചൊവ്വാഴ്ച അഹമ്മദാബാദില്‍ അഞ്ചു ലക്ഷത്തിലേറെ പേരുടെ റാലി നടത്തിയാണ് ദേശീയ രാഷ്ട്രീയ നേതാക്കളെ ഞെട്ടിച്ചത്. പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതി (പാസ്) യുടെ നേതൃത്വത്തില്‍ ഹാര്‍ദ്ദിക് പ്രഖ്യാപിച്ച ഗുജറാത്ത് ബന്ദില്‍ നടന്ന കലാപത്തില്‍ പോലീസ് വെടിവെപ്പില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്.

ഗുജറാത്തിലെങ്ങും കാലാപസമാനമായ അവസ്ഥയാണ്. പട്ടേല്‍ സമുദായത്തിന്റെ വികാരം മാനിച്ചില്ലെങ്കില്‍ ഗുജറാത്തിലെ സര്‍ക്കാരിനെ താഴെ ഇറക്കുമെന്നാണ് ഹാര്‍ദ്ദിക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഹാര്‍ദ്ദികിനെ സന്ധി സംഭാഷണത്തിന് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോഡി.

ഗുജറാത്തിലെ ജനസംഖ്യയുടെ 15 ശതമാനം വരുന്ന കച്ചവടക്കാരും ഭൂ ഉടമകളുമായ പട്ടേല്‍ സമുദായത്തെ അവഗണിച്ച് ബി.ജെ.പിക്ക് മുന്നോട്ടുപോകാനാവില്ല. ബി.ജെ.പിയുടെ വോട്ടുബാങ്കാണ് പട്ടേല്‍ സമുദായം.

കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായിരുന്ന ഗുജറാത്തില്‍ ബി.ജെ.പിക്ക് ഭരണം നേടിക്കൊടുത്തത് പട്ടേല്‍ സമുദായമാണ്. 1995ല്‍ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി കേശുഭായി പട്ടേലിനെ അവരോധിച്ചത് പട്ടേല്‍ സമുദായമാണ്.

പട്ടേലുകളുടെ പിന്‍ബലത്തിലാണ് 98ല്‍ ബി.ജെ.പിയിലെ പിളര്‍പ്പിനെപോലും അതിജീവിച്ച് മികച്ച ഭൂരിപക്ഷത്തോടെ കേശുഭായി പട്ടേലിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിരുന്നത്. 2001ല്‍ കേശുഭായി പട്ടേലിനെ മാറ്റി നരേന്ദ്രമോഡി മുഖ്യമന്ത്രിയായത് പടട്ടേല്‍ സമുദായത്തിനിടയില്‍ അതൃപ്തി പരത്തിയെങ്കിലും അവര്‍ ബി.ജെ.പിയില്‍ തുടരുകയായിരുന്നു.

സംവരണത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പട്ടേല്‍ സമുദായം ഇനി മോഡിയെ വകവെക്കാനിടയില്ല. ഗുജറാത്തിലെ 140 ബി.ജെ.പി എം.എല്‍.എമാരില്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലും പ്രമുഖ മന്ത്രിമാരും ഉള്‍പ്പെടെ 40 എം.എല്‍.എമാര്‍ പട്ടേല്‍ ജാതിക്കാരാണ്.

സമ്പന്നരായ എണ്ണയാട്ടുന്നവരും എണ്ണ കച്ചവടക്കാരുമായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സമുദായക്കാരായ ‘ഗാഞ്ചി’ കളെ 1999-ല്‍ ഒ.ബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും പട്ടേലുകളോട് അവഗണന തുടരുന്നതില്‍ മോഡിക്കെതിരെ പട്ടേല്‍ സമുദായത്തിന് അതൃപ്തിയുണ്ട്.

ഈ വികാരം വോട്ടായാല്‍ ഗുജറാത്തില്‍ ബി.ജെ.പി വാഴ്ചക്ക് അന്ത്യമാകും. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുണ്ടാക്കി മോഡിയുമായി ഇടഞ്ഞ കേശുഭായി പട്ടേല്‍ അടക്കമുള്ളവര്‍ ഈ സമര നേതൃത്വത്തിലേക്ക് വന്നാല്‍ അത് മോഡിക്ക് കനത്ത തിരിച്ചടിയാകും.

മോഡി വിമര്‍ശകനാായ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ അടക്കമുള്ള നേതാക്കളുമായി ഹാര്‍ദ്ദിക് പട്ടേലിന് അടുത്ത ബന്ധമാണുള്ളത്. ഗുജറാത്തിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിലൂടെയും തീപ്പൊരി പ്രസംഗത്തിലൂടെയും ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹാര്‍ദ്ദിക്, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭാവിയില്‍ വെല്ലുവിളിയാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Top